2000 വര്‍ഷം പഴക്കമുള്ള കമ്പ്യൂട്ടര്‍
രണ്ടായിരം വര്‍ഷം മുമ്പൊരു കമ്പ്യൂട്ടറോ? അതെ സൂര്യചന്ദ്രന്‍മാരുടെ ചലനങ്ങള്‍ സൂക്ഷ്മമായി പിന്തുടരാന്‍ കഴിയുന്ന ഒരു സങ്കീര്‍ണയന്ത്രം പുരാതനഗ്രീക്കുകാര്‍ നിര്‍മിച്ചിരുന്നു. അതിന്റെ രഹസ്യം ആദ്യമായി ചുരുളഴിയുന്നു
1900-ല്‍ ആന്റികൈഥെറ ദ്വീപിന് സമീപത്തുനിന്ന് ഏലിയാസ് സ്റ്റഡിയാറ്റോസ് എന്ന മുങ്ങല്‍ വിദഗ്ധനാണ് കടലില്‍ 42 മീറ്റര്‍ ആഴത്തില്‍ മറഞ്ഞുകിടന്ന പുരാതന റോമന്‍കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കപ്പല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ആന്റികൈഥെറ മെക്കാനിസത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ വലേരിയോസ് സ്റ്റെയിസ് എന്ന പുരാവസ്തുഗവേഷകന്‍ 1902-ല്‍ തിരിച്ചറിഞ്ഞു. ആ വിചിത്രയന്ത്രത്തിന്റെ പല്‍ച്ചക്രങ്ങള്‍ ഉള്‍പ്പടെയുള്ള 80 കഷണങ്ങള്‍ ഗവേഷകര്‍ക്ക് കണ്ടെത്താനായി. 2000 വര്‍ഷം മുമ്പ് ഇത്ര സങ്കീര്‍ണമായ ഒരു ഉപകരണം മനുഷ്യന്‍ നിര്‍മിച്ചു എന്നകാര്യം വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. പായല്‍നിറഞ്ഞ് നിറംമങ്ങിയ ആ വെങ്കലകഷണങ്ങളില്‍ പുരാതന ഗ്രീക്ക്ഭാഷയിലുള്ള കുറിപ്പുകളും ഉണ്ടായിരുന്നു. എന്താണ് ആ നിഗൂഢ ഉപകരണമെന്നതിന് വിശദീകരണം നല്‍കാന്‍ പിന്നീട് നടന്ന ശ്രമങ്ങളൊന്നും ശരിക്ക് വിജയിച്ചില്ല. യന്ത്രം പുനസൃഷ്ടിക്കാന്‍ നടന്ന ശ്രമങ്ങളും പൂര്‍ണവിജയത്തിലെത്തിയില്ല.

ബി.സി.രണ്ടാംനൂറ്റാണ്ടില്‍ ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായിരുന്ന റോഡസിലെ ഹിപ്പാര്‍ക്കസാണ്, ചന്ദ്രന്റെ ക്രമമില്ലാത്ത ഭ്രമണത്തെപ്പറ്റി ആദ്യമായി പഠിച്ചത്. ആ ചലനങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയും വിധം ആന്റികൈഥെറ മെക്കാനിസത്തിന്റെ നിര്‍മാണത്തിന്, ഹിപ്പാര്‍ക്കസിന്റെ ഉപദേശങ്ങള്‍ തേടിയിട്ടുണ്ടാകാം എന്നാണ് ഗവേഷകര്‍ ഇപ്പോള്‍ അനുമാനിക്കുന്നത്. പതിനാറാംനൂറ്റാണ്ടില്‍ മനുഷ്യന്‍ ആദ്യമായി നിര്‍മിച്ചുവെന്ന് ഇത്രകാലവും കരുതിയിരുന്നത്ര സങ്കീര്‍ണമായ പല്‍ച്ചക്രവ്യൂഹമാണ് ആ പൗരാണികയന്ത്രത്തിലുള്ളതെന്ന് സ്കാനിങ്ങില്‍ വ്യക്തമായി. പതിനെട്ടാം നൂറ്റാണ്ടിലെ ഘടികാരങ്ങളില്‍ കാണുന്നത്ര സങ്കീര്‍ണത ആന്റികൈഥെറ മെക്കാനിസത്തിലുണ്ട്. ആ യന്ത്രത്തിന് അടിസ്ഥാനമായ ഗ്രീക്ക് സാങ്കേതികവിദ്യ പില്‍ക്കാലത്ത് എങ്ങനെ അപ്രത്യക്ഷമായി? മറ്റൊരു നാഗരികതയും അടുത്തൊരു ആയിരംവര്‍ഷത്തേക്ക് ആന്റികൈഥെറ മെക്കാനിസത്തിന് സമാനമായ മറ്റൊരു സങ്കീര്‍ണഉപകരണം നിര്‍മിച്ചതായി അറിവില്ല. സാധാരണഗതിയില്‍ വെങ്കല ഉപകരണങ്ങള്‍ ഉരുക്കി പുനരുപയോഗം നടത്തുന്ന രീതി പൗരാണിക സമൂഹങ്ങളിലുണ്ടായിരുന്നു. അത്തരത്തില്‍ മാറ്റപ്പെട്ടതിനാലാകാം, അന്നത്തെ ഉപകരണങ്ങളെല്ലാം പുരാവസ്തുരേഖകളില്‍ നിന്ന് അപ്രത്യക്ഷമായതിന് കാരണമെന്നാണ് ഒരു വിശദീകരണം.
ജൂലിയസ് സീസര്‍ റോമില്‍ നടത്തിയ ആഘോഷത്തിനായി ഗ്രീസിലെ റോഡസില്‍ നിന്ന് കൊള്ളയടിച്ചുകൊണ്ടുവന്ന സാധനങ്ങളില്‍പ്പെട്ടതാകാം ആന്റികൈഥെറ മെക്കാനിസമെന്ന് ഗവേഷകര്‍ കരുതുന്നു. 'അസാധാരണമാണ് ഈ ഉപകരണം. ഇത്തരത്തിലൊന്ന് ഇതുമാത്രമേയുള്ളൂ'-പ്രൊഫ.എഡ്മണ്ട്സ് പറയുന്നു. 'ഇത് നല്‍കുന്ന ജ്യോതിശാസ്ത്രം കൃത്യമാണ്. ചരിത്രമൂല്യത്തിന്റെ കാര്യത്തില്‍ ഞാന്‍ ഈ യന്ത്രത്തെ മോണാ ലിസയ്ക്കു മുകളില്‍ സ്ഥാപിക്കുന്നു'-അദ്ദേഹം അറിയിക്കുന്നു. ആന്റികൈഥെറ മെക്കാനിസത്തിന്റെ രഹസ്യം അനാവരണം ചെയ്ത സംഘത്തില്‍ കാര്‍ഡിഫ് ഗവേഷകര്‍ക്കൊപ്പം, ഏഥന്‍സ് സര്‍വകലാശാല, തെസ്സലോണികി സര്‍വകലാശാല, ഏതന്‍സില്‍ നാഷണല്‍ ആര്‍ക്കയോളജിക്കല്‍ മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഉള്‍പ്പെട്ടിരുന്നു(കടപ്പാട്: ദി ഗാര്‍ഡിയന്‍, ബിബിസി ന്യൂസ്, കാര്‍ഡിഫ് സര്‍വകലാശാലയുടെ പത്രക്കുറിപ്പ്).
No comments:
Post a Comment