ആഗോള താപനവാദത്തിന് തെറ്റ് പറ്റുന്നത് എന്ത് കൊണ്ട്
ഇത് ഇവിടെ പറഞ്ഞ് തുടങ്ങിയത് ശാസ്ത്ര ലോകം എഴുതി തള്ളിയ നൈട്രിക്ക് ഓക്സൈഡ് എന്ന വാതകം ഒടുവില്‍ ജീവജാലങ്ങള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത വാതകമായി മാറിയത് ചൂണ്ടി കാണിക്കുവാനാണ്. ഇത് പോലെ തന്നെ ഇന്ന് അപമാനമേറുന്ന മറ്റൊരു വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. ഇതും നൈട്രിക്ക് ഓക്സൈഡിനെ പോലെ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് പുറപ്പെടുന്നത് തന്നെയെന്നതാണ് രസകരം.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അഭിനവ ഭീകരനെന്ന പേരില്‍ എല്ലാവര്‍ക്കും പരിചയമുള്ളതാണ്. ആഗോള താപനത്തിന് കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അന്തരീക്ഷത്തില്‍ കൂടുന്നത് കൊണ്ടണെന്നും ഈ വാതകം കൂടുവാന്‍ കാരണം മനുഷ്യര്‍ ഫോസില്‍ സാധനങ്ങള്‍ (കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ) കത്തിക്കുന്നത് കൊണ്ടാണെന്നും അതിനാല്‍ ആഗോള താപനത്തിന് കാരണം മനുഷ്യരാണെന്നുമാണ് വാദം. കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കുവാന്‍ പ്രയ്ത്നിക്കുന്ന മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയ അല്‍ഗോറിന് ഇതിന്റെ പേരില്‍ ഈയിടെ നോബല്‍ സമ്മാനവും ലഭിക്കുകയുണ്ടായി.
എന്നാല്‍ അല്‍ഗോറിന്റെ പ്രസ്താവന വസ്തുത വിരുദ്ധമാണെന്ന് പറഞ്ഞ പല ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു. പല വമ്പന്‍ രാജ്യങ്ങളും കാര്‍ബണ്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രംഗത്ത് ഉള്ളപ്പോള്‍ എന്ത് കൊണ്ടാണ് ചില ശാസ്ത്രജ്ഞര്‍ അതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്? ഇത് മനസ്സിലാക്കണമെങ്കില്‍ ആഗോള താപനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം എങ്ങിനെ കടന്ന് വന്നു എന്ന് അറിയേണ്ടിയിരിക്കുന്നു.
ഹരിത വാതകം
മുന്നോട്ട് പോകുന്നതിന് മുന്‍പ് ഹരിത വാതകം എന്തെന്ന് ഒന്ന് അറിഞ്ഞിരിക്കാം. ഭൂമിയിലേയ്ക്ക് വരുന്ന സൂര്യ രശ്മികളില്‍ ഭൂരിപക്ഷവും ഭൂമിയുടെ ഉപരിതലം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ളവ തട്ടി തിരിച്ച് പുറത്തേയ്ക്ക് പോകും. എന്നാല്‍ ഭൂമി പ്രതിഫലിപ്പിക്കുന്ന രശ്മികളില്‍ ഭൂരുഭാഗവും അന്തരീക്ഷം തിരിച്ച് ഭൂമിയിലേയ്ക്ക് അഴയ്ക്കുന്നതിനാല്‍ ഭൂമിയുടെ താപ നില താഴാതെ സൂക്ഷിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇതിന് സഹായിക്കുന്നത് ചില വാതകങ്ങളാണ് ഇവയെ ഹരിത വാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. നീരാവി, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേയ്ന്‍, നൈട്രജന്‍ ഓക്സൈഡുകള്‍, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍, ഓസോണ്‍ എന്നിവയാണ് ഈ വാതകങ്ങള്‍. ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ നീരാവിയാണ്, നീരാവിയുണ്ടാക്കുവാന്‍ സഹായിക്കുന്നതില്‍ മുഖ്യ പങ്ക് സൂര്യനും ആണ്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.038%ത്തിനടുത്ത് മാത്രമേയുള്ളൂ. ചുരുക്കത്തില്‍ ഹരിത വാതകമില്ലെങ്കില്‍ ഭൂമിയുടെ താപനില വളരെ താഴ്ന്ന നിലയിലാകുമായിരുന്നു. കാര്‍മേഘങ്ങള്‍ക്കനുസരിച്ച് താപനിലയില്‍ മാറ്റം വരുന്നത് നാം അനുഭവിക്കാറുള്ളതാണ്.
“ആഗോള താപന” ചരിത്രം
ആഗോള താപനം എന്ന് പറയുവാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളേ ആകുന്നുവുള്ളൂ. അതിന് മുന്‍പ് ശാസ്ത്ര ലോകവും, ലോക നേതാക്കളും ഭൂമി അതി ശൈത്യത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് പറഞ്ഞിരുന്നത്. 1970കളില്‍ ലോകം മുഴുവന്‍ ഭീതിയാലായിരുന്നു. അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതി ശൈത്യം വരുമെന്നും ഭൂമി പഴയ അതി ശൈത്യ യുഗത്തിലേയ്ക്ക് തിരിച്ച് പോകുമെന്നും ശാസ്ത്രജ്ഞര്‍ തെളിവുകളോടെ രംഗത്തെത്തി. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും, ഏറോസോളിന്റെയും വര്‍ദ്ധനവാണ് അതി ശൈത്യത്തിന് കാരണമാവുക എന്നായിരുന്നു അന്നത്തെ വാദം. ഏറോസോളിന് കാരണം സള്‍ഫര്‍ ഡൈ ഓക്സൈഡുകളും, നൈട്രജന്‍ ഓക്സൈഡുകളും, പൊടിപടലങ്ങളും ആണെന്നും ഇവ ഭൂമിയില്‍ കൂടുവാന്‍ കാരണം മനുഷ്യരുടെ വ്യാവസായിക വിപ്ലവമാണെന്നും വിലയിരുത്തിയിരുന്നു. എന്നാല്‍ 1975ല്‍ Broecker എന്ന ശാസ്ത്രജ്ഞന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൂലം ഭൂമി ചൂടാകുവാന്‍ പോകുന്നു എന്ന് വിളിച്ച് പറഞ്ഞു. ആഗോള താപനം എന്ന വാക്കും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ അന്ന് ഭൂരിപക്ഷവും അദ്ദേഹത്തെ പുച്ഛിച്ച് തള്ളി. എന്നാല്‍ 1976 ഓടെ താപനില ഉയരുവാന്‍ തുടങ്ങി. 30 കൊല്ലത്തോളം ഉണ്ടായികൊണ്ടിരുന്ന താഴ്ചയില്‍ നിന്ന് താപനില പതുക്കെ ഉയരുവാന്‍ തുടങ്ങി.
1880 മുതല്‍ 1970 വരെയുള്ള താപനില നോക്കുക. ഒറ്റ നോട്ടത്തില്‍ 1970ന് ശേഷം താപനില താഴേയ്ക്ക് പോകുമെന്നേ പറയുവാന്‍ കഴിയൂ. എന്നാല്‍ 1850 മുതല്‍ 2008 വരെയുള്ള ഗ്രാഫ് നോക്കുക. അന്ന് കണ്ട താഴ്ച അത്ര ഭീകരമായിരുന്നില്ല എന്ന് ഇന്ന് കാണുവാന്‍ കഴിയും. ഇവിടെയും നോക്കുക. 2000ത്തിന് ശേഷം ചൂട് കൂടുകയല്ല കുറയുകയാണ് ചെയ്തത്!
രണ്ടാമത്തെ ഗ്രാഫ് വിശദമായി നോക്കിയാല്‍ 1860 മുതല്‍ 1880 വരെ ചൂട് കൂടി വരുന്നു എന്നാല്‍ 1880 മുതല്‍ 1910 വരെ ചൂട് കുറയുന്നു. വീണ്ടും 1910 മുതല്‍ 1940 വരെ താപ നില കൂടുന്നു. 1940ല്‍ അത് താഴേയ്ക്ക് പോകുന്നു. 1970 കളില്‍ വീണ്ടും അത് മുകളിലേയ്ക്ക്. 2000ത്തിനടുത്ത് അത് വീണ്ടും താഴേയ്ക്ക് പോകുന്നു. ചുരുക്കത്തില്‍ 20-30 കൊല്ലത്തെ ഇടവേളയില്‍ താപനില ക്രമമായി ഒന്നിടവിട്ട് ഉയരുകയും താഴുകയും ചെയ്യുന്നതായി കാണാം.
എന്ത് കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടിരിക്കുമ്പോള്‍ 1940നും 1975നും ഇടയിലുള്ള കാലയളവിലും 2000ത്തിന് ശേഷവും താപനില കുറഞ്ഞു/യുന്നു? ഇതിനെയൊക്കെ കുറിച്ച് വഴിയേ നോക്കാം.
തിരിച്ച് 1970-1980കളിലേയ്ക്ക് വരാം. ഇതേ കാലഘട്ടത്തിലാണ് ബ്രിട്ടണില്‍ കാര്‍ബണിക ഉല്‍പ്പന്നങ്ങളുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുവാന്‍ മാര്‍ഗററ്റ് താച്ചര്‍ രംഗത്തെത്തുന്നത്. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് പ്രചരണം ലഭിക്കുന്നതും താച്ചറിന്റെ സഹായത്താലാണ്. പിന്നീട് എന്‍.ജി.ഒ.കള്‍ക്കും അമേരിക്കയ്ക്കും ഒപ്പം യൂറോപ്പില്‍ അന്ന് തകര്‍ന്ന് കൊണ്ടിരുന്ന കമ്മ്യൂണിസത്തിന് ജനസമ്മതമായ പുതിയൊരു മുഖം കിട്ടുവാന്‍ ആഗോള താപനമെന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഏറ്റെടുത്തു. അതോടെ ആഗോള താപനം എന്നത് രാഷ്ട്രീയ-സാമ്പത്തിക നിലനില്‍പ്പിന്റെ പ്രശ്നമായി മാറി. ഇന്ന് കുറഞ്ഞ് കൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനത്തിന് നിയന്ത്രണം വരുത്തുവാന്‍ വമ്പന്‍ രാഷ്ട്രങ്ങള്‍ക്കുള്ള എളുപ്പ മാര്‍ഗ്ഗമായി ഇത് മാറി. കൂടാതെ വികസ്വര രാജ്യങ്ങളെ തളര്‍ത്തിയിടുവാനും ഇത് നല്ല ഒരു ആയുധമായി അവര്‍ ഉപയോഗിക്കുന്നു. തങ്ങളുടെ രാജ്യങ്ങളില്‍ ഇടതട്ടുകാര്‍ക്ക് പോലും താങ്ങുവാന്‍ കഴിയാത്ത ആള്‍ട്രനേറ്റീവ് എനര്‍ജി ദരിദ്ര രാഷ്ട്രങ്ങളെ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചയാണ് ഇന്ന് നടമാടുന്നത്!
1998ല്‍ മാന്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രസിദ്ധീകരിച്ച ലേഖനം ഭാവിയിലെ ആഗോള താപനത്തിന്റെ ഭീകരതയെ ചൂണ്ടികാണിക്കുന്നു എന്ന് പറഞ്ഞ് അല്‍ ഗോര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ “ഹോക്കി സ്റ്റിക്ക് ഗ്രാഫ്” എന്ന പേരില്‍ അറിയപ്പെടുന്ന ഇത് തെറ്റിദ്ധാരണ ജനകമാണെന്ന് ശാസ്ത്ര ലോകം മുറവിളി കൂട്ടി. ഒടുവില്‍ ഇതിന് ആധികാരികതയില്ല എന്ന് വിധിയും വന്നു.
1998ന് ശേഷം ഭൂമിയിലെ ചൂടിന് എന്ത് സംഭവിച്ചു എന്ന് നോക്കിയാല്‍ ആഗോള താപനമെന്ന് മുറവിളി കൂട്ടുന്നവരുടെ പൊള്ളത്തരം വെളിയില്‍ വരും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടികൊണ്ടിരിക്കുമ്പോഴും1999 മുതല്‍ 2008 വരെയുള്ള ചൂട് കുറഞ്ഞാണ് കണ്ടത്! 2009ല്‍ 2008നേക്കാള്‍ “തണുപ്പായിരിക്കും” എന്ന് പറയുമ്പോള്‍ ആഗോള താപനമെന്നും, മനുഷ്യനിര്‍മ്മിതമെന്നും വാദിക്കുന്നവര്‍ക്ക് എവിടെയാണ് പിഴച്ചത് എന്ന് നോക്കേണ്ടിയിരിക്കുന്നു.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഥവാ മനുഷ്യരാണ് താപനില കൂട്ടുന്നത് എന്ന് വാദിക്കുന്നവര്‍ മനപൂര്‍വ്വം വിട്ട് കളയുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങളിലേയ്ക്ക് കടക്കാം.
സൂര്യന്റെ സ്വാധീനം
സൂര്യന് ഭൂമിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുവാന്‍ കഴിയുമോ? കഴിയും എന്ന് നാം പഠിച്ചിട്ടുള്ളതാണ്. അപ്പോള്‍ എന്ത് കൊണ്ട് സൂര്യനിലെ മാറ്റം ഭൂമിയെ സ്വാധീനിക്കുന്നില്ല എന്ന് കാര്‍ബണ്‍ വിരുദ്ധവാദികള്‍ പറയുന്നു! സൂര്യനിലെ സണ്‍ സ്പോട്ട് ഭൂമിയിലെ താപനിലയെ നിയന്ത്രിക്കുന്നു എന്ന് 1800കളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സൂണ്‍ എന്ന ശസ്ത്രജ്ഞനെ പോലെയുള്ളവര്‍ ഇത് തെളിവ് സഹിതം പറഞ്ഞ് തരുന്നു. ഭൌമ താപനിലയ്ക്ക് സോളാര്‍ ഇറേഡിയന്‍സുമായുള്ള ചേര്‍ച്ച പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ച്ചയില്ല എന്നത് തന്നെ സൂര്യന്റെ സ്വാധീനം വെളിവാകുന്നു. 2008ല്‍ ഭൂമി തണുത്തു എന്നും ഇതിന് കാരണം സൂര്യനിലെ സണ്‍ സ്പോട്ട് കുറഞ്ഞതാണെന്നും സൂണ്‍ പറയുന്നു. സൂര്യന്റെ ഉള്ളില്‍ പ്രക്ഷുബ്ധത നിറഞ്ഞതും ശാന്തമായതുമായ കാലഘട്ടങ്ങള്‍ ഉണ്ടാകുമെന്നും ഇത് ഏകദേശം 11 കൊല്ലം കൂടുമ്പോള്‍ മാറി വരുമെന്നും നമുക്ക് അറിവുള്ളതാണ്. ഇപ്പോള്‍ സൂര്യന്‍ ശാന്തനാണ്. അതിനാല്‍ സണ്‍ സ്പോട്ടുകള്‍ കുറവാണ്. അപ്പോള്‍ താപനില കുറയുന്നു, എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടേയിരിക്കുന്നു. അതായത് ആഗോള താപനവാദികളുടെ വാദം പിഴയ്ക്കുന്നു.
കാര്‍ബണ്‍ ഡൈ ഓക്സൈഡും താപനിലയും തമ്മിലുള്ള ബന്ധം
ഹോക്കി സ്റ്റിക്ക് ഗ്രാഫിനോടൊപ്പം അല്‍ ഗോര്‍ ഉപയോഗിച്ചിരുന്ന ഒന്നാണ് വോസ്ടോക്ക് നദിയില്‍ നിന്ന് കുഴിച്ചെടുത്ത മഞ്ഞില്‍ നിന്ന് ലഭിച്ച ചൂടിനെ കുറിച്ചുള്ള ഗ്രാഫ്. അതും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്രാഫും ഒന്നിന് മീതെ ഒന്നായി ചേര്‍ന്ന് പോകുന്നു എന്നായിരുന്നു വാദം. അതിനാല്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇന്ന് കൂടുന്നതിനാല്‍ സ്വാഭാവികമായും താപനില ഉയരും എന്ന് അവര്‍ പറയുന്നു. എന്നാല്‍ ആ ഗ്രാഫുകള്‍ സൂക്ഷിച്ച് നോക്കിയാല്‍ അവ തമ്മില്‍ ചെറിയ വ്യത്യാസം കാണാം എന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ചെറുതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അവയുടെ സംഖ്യാ വിലകള്‍ തമ്മില്‍ ഒരു 200-400 കൊല്ലത്തെ വ്യത്യാസമുണ്ട്. എന്ന് പറഞ്ഞാല്‍ താപനില കൂടി 200-400 വര്‍ഷം കഴിഞ്ഞാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ദ്ധിക്കുന്നത്. അതായത് ഇപ്പോള്‍ നാം കാണുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു 200 കൊല്ലം പഴക്കമുള്ള ചൂട് കൂടിയത് കൊണ്ട് ഉണ്ടായതാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നത് മരങ്ങള്‍ മാത്രമല്ല വിശാലമായ സമുദ്രവും ഇതിനെ ആഗിരണം ചെയ്യുന്നു. കടലില്‍ അലിഞ്ഞ് ചേരുന്ന ഈ വാതകം താപ നില വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിലേയ്ക്ക് പതുക്കെ പുറം തള്ളപ്പെടുന്നു. ഇന്ന് ലഭ്യമായ തെളിവുകള്‍ പറയുന്നത് ഭൂമി ചൂട് പിടിക്കുകയും കടലിനടിയിലെ ഒഴുക്കിന്റെ ഫലമായി അടിയിലെ താപ നില വര്‍ദ്ധിക്കുകയും അങ്ങിനെ കടലില്‍ അലിഞ്ഞു ചേര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡുകള്‍ അന്തരീക്ഷത്തിലേയ്ക്ക് വരുകയും ചെയ്യുന്നു എന്നാണ്. കടലിനടിയിലെ താപനില കൂടുന്നതും (അന്തരീക്ഷ താപനിലയല്ല) അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
നീരാവിയുടെ പങ്ക്
ഇനി ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ വരുന്നത് നീരാവിയാണ്. ഇവയ്ക്ക് പ്രാധാന്യമില്ല എന്നതരത്തിലാണ് ഇന്ന് ലോകം നീങ്ങുന്നത്. എന്നാല്‍ ഇവരെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത് മേഘത്തെ ഒഴിവാക്കിയുള്ള കമ്പ്യൂട്ടര്‍ മോഡലുകളാണ് ഈ പ്രശ്നങ്ങല്‍ക്കൊല്ലാം കാരണം എന്നാണ്. നീരാവിയുടെ ഉറവിടവും, അത് അന്തരീക്ഷത്തെ ചൂടാക്കുമോ അതോ തണുപ്പിക്കുമോ എന്ന് നിശ്ചയമില്ലാത്തതുമാണ് ഭാവിയിലെ താപനിലയെ പറ്റി പല കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും പല തരത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനെ ശരിവെയ്ക്കുന്നതാണ് സാറ്റലൈറ്റ് ഡാറ്റകള്‍. ബലൂണ്‍ പരീക്ഷണങ്ങളും സാറ്റലൈറ്റ് ഡാറ്റകളെ ശരി വെയ്ക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന സാറ്റലൈറ്റ് ഡാറ്റ അനുസരിച്ച് 1993ല്‍ അഗ്നിപര്‍വ്വതം പൊട്ടിയതിനാല്‍ ഭൌമ താപനില കുറഞ്ഞു എന്നും 1998ല്‍ എല്‍ നിനോ പ്രതിഭാസത്താല്‍ താപനില കൂടി എന്നും കാണാം. അതായത് അഗ്നി പര്‍വ്വതങ്ങള്‍ ഭൌമതാപനിലയെ സാരമായി ബാധിക്കുന്നുണ്ട് എന്നതല്ലേ!
മറ്റ് വാദങ്ങള്‍
മറ്റൊരു വാദം മഞ്ഞുമലകള്‍ ഉരുകുന്നു എന്നാണ്. ഇവര്‍ "ലിറ്റില്‍ ഐസ് ഏജിനെ” മറന്ന് പോകുന്നു. അന്ന് മഞ്ഞ് മൂടിയ സ്ഥലങ്ങള്‍ ഇന്ന് തിരിച്ച് പൂര്‍വ്വസ്ഥിതിയില്‍ എത്തിച്ചേരുന്നു. മഞ്ഞ് കൂടുകയും കുറയുകയും ചെയ്ത് കൊണ്ടിരിക്കുന്ന പ്രകൃതി പ്രക്രീയയാണ്. ഇവിടെയും ഒരു നിശ്ചിത ഇടവേള നമുക്ക് കാണുവാനാകും. 2007-2008ലെ മഞ്ഞ് കാലം അതിന് മുന്‍പുള്ളവയേക്കാള്‍ തണുത്തതായിരുന്നു.
ആര്‍ട്ടിക്കില്‍ ചൂട് കൂടുന്നു, ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നു ഇത് സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുമെന്നാണ് വാദിക്കുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പണ്ട് (“മിഡീവിയല്‍ വാം പിരിയഡില്‍”) ആളുകള്‍ താമസിച്ചിരുന്നു എന്നും കൃഷി ചെയ്തിരുന്നു എന്നും അതിന് ശേഷം “ലിറ്റില്‍ ഐസ് ഏജില്‍” ആണ് ഇന്ന് കാണുന്നത് പോലെ മഞ്ഞ് മൂടപ്പെട്ടതെന്നും അറിവുള്ളതാണ്. കൂടാതെ ഇപ്പോള്‍ ആര്‍ട്ടിക്കില്‍ ചൂട് കൂടുമ്പോള്‍ തന്നെ അന്റാര്‍ട്ടിക്കില്‍ മഞ്ഞ് കൂടുതലായി അടിഞ്ഞ് കൂടുന്നു എന്നതിനെ പറ്റി ഇവര്‍ പറയുന്നില്ല. ഇനി പഴയ കാല ചരിത്രം നോക്കിയാല്‍ ചൂട് കൂടിയ സമയത്ത് സമുദ്രനിരപ്പ് താഴുകയാണ് ചെയ്തിട്ടുള്ളത്!
സമുദ്രത്തിന്റെ അടിയൊഴുക്കുകളും, സമുദ്രത്തിലെ താപനിലയും അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നുണ്ട്.
സാറ്റലൈറ്റ് ഡാറ്റയില്‍ അഗ്നി പര്‍വ്വതങ്ങള്‍ക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് നാം കണ്ടതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് താപനില വര്‍ദ്ധിച്ചതിന് പ്രകൃതിദത്തമായ കാരണങ്ങളാണെന്ന് ആഗോള താപന വാദികള്‍ സമ്മതിക്കുമ്പോള്‍ തന്നെ ഇന്ന് അവയ്ക്ക് യാതൊരു സ്വാധീനവും ഇല്ല എന്ന് പറയുന്നതിലെ വൈരുദ്ധ്യാതമകത കണ്ടില്ലെന്ന് നടിക്കുവാനാകുമോ?
ഇവ കൂടാതെ എല്ലാവരും മറക്കുന്ന മറ്റൊരു കാരണം കൂടി ഇവിടെ കുറിക്കുന്നു. ഭൂമിയുടെ ധ്രുവങ്ങളില്‍ വരുന്ന മാറ്റം. നോര്‍ത്ത് മാഗ്നറ്റിക്ക് ധ്രുവത്തെ കുറിച്ച് കാനഡ പഠനം നടത്തുണ്ട്. 2001 വരെയുള്ള ഡാറ്റകളനുസരിച്ച് നോര്‍ത്ത് ധ്രുവത്തിന്റെ സ്ഥാനം അതി വേഗത്തില്‍ മാറി കൊണ്ടിരിക്കുന്നു എന്നാണ്, ഒരു വര്‍ഷത്തില്‍ 40കി.മി. വേഗതയില്‍! 2050ല്‍ നോര്‍ത്ത് പോള്‍ സൈബീരിയയില്‍ എത്തുമെന്നാണ് കരുതുന്നത്! കൂടാതെ ദക്ഷിണ ഉത്തര ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയുന്നത് സാധാരണ സംഭവിക്കുന്നതാണ്. മുന്‍പ് സംഭവിച്ചിട്ടുണ്ട്. പക്ഷേ പതിനാരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടേ ഇത് സംഭവിക്കാറുള്ളൂ. അടുത്ത ധ്രുവ മാറ്റത്തിനുള്ള സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു എന്നാണ് ശസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഏത് സമയവും ഭൂമിയുടെ ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയാം. അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്താകാം അല്ലെങ്കില്‍ ചിലപ്പോള്‍ നിമിഷങ്ങള്‍ കൊണ്ടാകാം. അങ്ങിനെയെങ്കില്‍ ഒരു പക്ഷേ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകാം. ഇവിടെ പറയുവാന്‍ ഉദ്ദേശിച്ചത് ധ്രുവങ്ങളില്‍ മാറ്റം വരുന്നുണ്ടെന്ന് നാസയും മറ്റ് ശാസ്ത്രജ്ഞരും സമ്മതിക്കുന്നു അപ്പോള്‍ എന്ത് കൊണ്ട് ഭൂമിയിലെ താപനിലയിലെ വ്യതിയാനത്തിന് പ്രത്യേകിച്ച് ആര്‍ട്ടിക്കിലെയും, ഗ്രീന്‍ലാന്റിലെയും മഞ്ഞുരുകുന്നതില്‍ ഈ ധ്രുവ മാറ്റം കാരണമാകുന്നില്ല എന്നതാണ്.
ചുരുക്കത്തില്‍:
- 1940 മുതല്‍ 1975 വരെ ഭൌമ താപനില കുറഞ്ഞാണിരുന്നത് എന്നാല്‍ ആ കാലഘട്ടത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുകയായിരുന്നു.
- കാലാവസ്ഥ മോഡലുകള്‍ പ്രകാരം ഇപ്പോള്‍ ഭൌമതാപനില കൂടേണ്ടതാണ് എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് താപനില കുറയുകയാണ്.
- ആര്‍ട്ടിക്കില്‍ മഞ്ഞ് ഉരുകുന്നു എങ്കിലും അന്റാര്‍ട്ടിക്കില്‍ മഞ്ഞിന്റെ അടിഞ്ഞ് കൂടല്‍ വര്‍ദ്ധിക്കുന്നു.
- സൂര്യനില്‍ ഇപ്പോള്‍ സണ്‍ സ്പോട്ട് ഇല്ല അല്ലെങ്കില്‍ കുറവാണ് അതിനാല്‍ തന്നെ ഭൌമ താപനിലയും കുറഞ്ഞിരിക്കുന്നു
- ഭൌമ താപനില വര്‍ദ്ധിച്ചതിന് ശേഷമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ചത്. അതായത് ചൂട് വര്‍ദ്ധിച്ചതിനാല്‍ കടലില്‍ അലിഞ്ഞ് ചേര്‍ന്ന വാതകം പുറത്തേയ്ക്ക് വരുന്നു.
- മേഘങ്ങളും, ഏറോ സോളുകളും ഭൌമ താപനില കുറയ്ക്കുവാന്‍ കാരണമാകും എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഇവയെ നിസ്സാരമായി കാണുന്നു.
- താപനില വര്‍ദ്ധിക്കുമെന്ന് പറയുന്ന കമ്പ്യൂട്ടര്‍ മോഡലുകളുടെ പ്രവചനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നത് തന്നെ ഇവയെ വിശ്വാസത്തിലെടുക്കുവാന്‍ കഴിയില്ല.
- കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നത് മരങ്ങളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. അത് വഴി കൃഷി വര്‍ദ്ധിക്കും.
- 1971ല്‍ നാഷണല്‍ അക്കാഡമിക്ക് സയന്‍സ് പറഞ്ഞത് 100 വര്‍ഷത്തിനുള്ളില്‍ ഭൂമി തണുത്ത് മരവിക്കുമെന്നാണ്. ഇന്ന് ഐ.പി.സി.സി. പറയുന്നത് 2100 ഓടെ ചൂട് രണ്ട് ഡിഗ്രി സെത്ഷ്യസ് ആയി വര്‍ദ്ധിക്കുമെന്നാണ്.
- വില കൂടിയ ആള്‍ട്ടര്‍നേറ്റീവ് ഊര്‍ജ്ജത്തിന്റെ ഉപയോഗം സാധാരണക്കാര്‍ക്ക്/രാജ്യങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്ത ഒന്നാണ്.
No comments:
Post a Comment