Posted on: 10 Aug 2013
*മരച്ചീനി നടുന്നയവസരത്തില്‍, കൂടെ ചെത്തിക്കൊടുവേലിയോ കച്ചോലമോ നട്ടാല്‍ തുരപ്പന്‍, എലിശല്യം നിയന്ത്രിക്കാം.
*വെണ്ട, കൂര്‍ക്ക എന്നിവ നടുമ്പോള്‍, കൂടെ കനകാംബരം നട്ടാല്‍ നിമ വിരശല്യം കുറയ്ക്കാം.
*കടലാടിച്ചെടി, അരിപ്പൂച്ചെടി എന്നിവ സമൂലം ഉണക്കി പാടത്തിട്ട് തീയിട്ടുചുട്ടാല്‍ കീടശല്യം വരില്ല.
*ചെമ്മീന്‍ നന്നായി വറുത്ത് പൊടിച്ചതില്‍, സിമന്റിട്ടിളക്കിച്ചേര്‍ത്ത് എലികളുടെ സ്ഥിരം സഞ്ചാരപാതയില്‍ വെക്കണം. ആദ്യത്തെ മൂന്നുദിവസം ചെമ്മീന്‍ മാത്രമാണ് വെക്കേണ്ടത്. എലി സിമന്റ് ചേര്‍ത്ത ചെമ്മീന്‍പ്പൊടി തിന്നാല്‍ ചാവുന്നതാണ്.
*പച്ചവെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ ചാരം കലക്കിയ ലായനി ചേര്‍ത്ത്, പച്ചമുളകില്‍ തളിച്ചാല്‍ മുളകിലെ കീടങ്ങള്‍ വിട്ടകലും.
*പച്ചക്കറിവിത്തുകള്‍ നന്നായി മുളച്ചുവരുന്നതിന്, മൂപ്പെത്തിയശേഷം പുറത്തെടുത്ത വിത്ത് വെണ്ണീരില്‍ (ചാരം) പുരട്ടി ഉണക്കുകയോ പച്ചചാണകത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയോ വേണം.
*പെരുവലയില, പൂവ് എന്നിവ നന്നായി അരച്ച് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തിലെന്ന കണക്കില്‍ ചേര്‍ത്ത് തളിച്ചാല്‍ പച്ചക്കറികളിലെ ശല്‍ക്കകീടങ്ങള്‍ ഇലച്ചാടികള്‍, മീലിമൂട്ടകള്‍ എന്നിവ നശിക്കും.
*പയറിലെ മുഞ്ഞശല്യത്തിനെതിരെ പച്ചവെള്ളത്തില്‍ പച്ചമുളകരച്ച് സോപ്പുകലക്കി തളിക്കുക. വെണ്ണീര്‍, മഞ്ഞള്‍പ്പൊടി എന്നിവ വിതറുന്നതും നല്ലതാണ്.
*പയറിനത്തിന്റെ വിത്തിടുമ്പോള്‍ കടുക്‌വിതച്ചാല്‍ പച്ചക്കുതിര ശല്യംവരില്ല.
*ചുവന്നമുളകിന്റെ തൊണ്ട്, പഴയ കമ്പിളി, വെളുത്തുള്ളിത്തൊലി എന്നിവ കത്തിച്ച് പുകച്ചാല്‍ പാവല്‍, പടവലത്തിലെ കായീച്ചശല്യം വരില്ല.
*ചണ്ണക്കൂവ ചതച്ചുതയ്യാറാക്കിയ നീരില്‍ കാന്താരിമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്തരച്ച കുഴമ്പുചേര്‍ത്ത് ഇരട്ടിവെള്ളം ചേര്‍ത്തിളക്കി തളിച്ചാല്‍ ചീര, പയര്‍, വഴുതിന, തക്കാളി എന്നിവയിലെ പുഴുശല്യം നിയന്ത്രിക്കാം.
*ശീമക്കൊന്നവിത്ത് ഉണക്കിപ്പൊടിച്ച് ശര്‍ക്കരയും ചേര്‍ത്ത് നെല്‍പ്പാടത്ത് വെച്ചാല്‍ എലി നശിക്കും.
No comments:
Post a Comment