തമോഗര്‍ത്തം ലോഹആറ്റങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തല്‍
നിഗൂഢതകളുടെ അഴിയാക്കുരുക്കുകളാണ് ശാസ്ത്രലോകത്തിന് ഇപ്പോഴും തമോഗര്‍ത്തങ്ങള്‍ . തമോഗര്‍ത്തങ്ങളില്‍നിന്ന് സ്‌പേസിലേക്കെത്തുന്ന ദ്രവ്യത്തിന്റെയും ഊര്‍ജത്തിന്റെയും ശക്തമായ ധാരകള്‍ ( jets ) ഗാലക്‌സികളിലെ നക്ഷത്ര രൂപീകരണത്തെപ്പോലും സ്വാധീനിക്കാറുണ്ട്.
തമോഗര്‍ത്തങ്ങളില്‍ നിന്നുള്ള ഇത്തരം ധാരകളില്‍ ഇലക്ട്രോണുകളുള്ളതായി മുമ്പേ ഗവേഷകര്‍ക്കറിയാം. സാധാരണ തമോഗര്‍ത്തങ്ങളില്‍ നിന്നുള്ള ധാരകളില്‍ ഇലക്ട്രോണുകളെപ്പോലെ ഭാരംകുറഞ്ഞ കണങ്ങള്‍ മാത്രമല്ല, ഘനലോഹങ്ങളുടെ ചാര്‍ജുള്ള ആറ്റങ്ങളും ( ions ) അടങ്ങിയിട്ടുണ്ടെന്ന് ഒരുസംഘം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി.
യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയിലെ ഡോ.മരിയ ഡയസ് ട്രിഗോയുടെ നേതൃത്വത്തിലുള്ള ജ്യോതിശാസ്ത്രജ്ഞരാണ്, 4U1630-47 എന്ന് പേരിട്ടിട്ടുള്ള തമോഗര്‍ത്തം ഇരുമ്പ്, നിക്കല്‍ തുടങ്ങിയവയുടെ ചാര്‍ജുള്ള ആറ്റങ്ങള്‍ പുറന്തള്ളുന്നതായി നീരീക്ഷിച്ചത്. കണ്ടെത്തലിന്റെ വിവരം പുതിയ 'നേച്ചര്‍ ജേര്‍ണലാ'ണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ XMM - ന്യൂട്ടണ്‍ സ്‌പേസ് ടെലസ്‌കോപ്പ്, കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന് ( CSIRO ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കോംപാക്ട് അരേ റേഡിയോ ടെലസ്‌കോപ്പിന്റെയും സഹായത്തോടെയാണ് ഗവേഷകര്‍ തമോഗര്‍ത്ത ധാരകളെക്കുറിച്ച് പഠിച്ചത്.
ഇലക്ട്രോണിനെ അപേക്ഷിച്ച് ഒരുലക്ഷം മടങ്ങ് ദ്രവ്യമാനമുള്ളതാണ് ഇരുമ്പ് ആറ്റം. ഒരേ വേഗത്തിലാണെങ്കിലും, ദ്രവ്യമാനം കൂടിയ കണികള്‍ ദ്രവ്യമാനം കുറഞ്ഞവയെക്കാള്‍ ഊര്‍ജം വഹിക്കും.
സൂര്യനെ അപേക്ഷിച്ച് ഏതാനും മടങ്ങ് മാത്രം കൂടുതല്‍ ദ്രവ്യമാനമുള്ളതാണ് 4U1630-47 തമോഗര്‍ത്തം. അതിനാല്‍ ഗാലക്‌സികളുടെ കേന്ദ്രത്തിലുള്ള ഭീമന്‍ തമോഗര്‍ത്തത്തെയല്ല അത് പ്രതിനിധീകരിക്കുന്നത്, സാധാരണ തമോഗര്‍ത്തങ്ങളെയാണ്.
ഇലക്ട്രോണുകള്‍ മാത്രമാണ് തമോഗര്‍ത്ത ധാരകള്‍ പുറന്തള്ളുന്നതെങ്കില്‍ അതിന് ഋണ (നെഗറ്റീവ്) ചാര്‍ജാണ് ഉണ്ടാകേണ്ടത്. എന്നാല്‍ , അത്തരം ധാരകള്‍ക്ക് മൊത്തത്തില്‍ ധന (പോസിറ്റീവ്) ചാര്‍ജാണുള്ളതെന്ന കാര്യം ഗവേഷകരില്‍ ജിജ്ഞാസയുണര്‍ത്തി. ഇക്കാര്യം പരിശോധിച്ചപ്പോഴാണ് ഇരുമ്പിന്റെയും നിക്കലിന്റെയും ധന അയണുകള്‍ (ചാര്‍ജുള്ള ആറ്റങ്ങള്‍ ) അതിലുള്ളതായി തെളിഞ്ഞതെന്ന് പഠനസംഘത്തിലെ ജെയിംസ് മില്ലര്‍ ജോണ്‍സ് പറഞ്ഞു.
ഘനലോഹങ്ങളുടെ ചാര്‍ജുള്ള ആറ്റങ്ങള്‍ കണ്ടെത്തുക മാത്രമല്ല, തമോഗര്‍ത്ത ധാരകളുടെ വേഗമെത്രയെന്ന് കണക്കാക്കാനും ഗവേഷകര്‍ക്കായി. പ്രകാശത്തിന്റെ മൂന്നില്‍രണ്ട് വേഗത്തിലാണത്രേ തമോഗര്‍ത്തത്തില്‍നിന്ന് പദാര്‍ഥവും ഊര്‍ജവും പുറത്തേക്ക് ധാരകളായി പ്രവഹിക്കുന്നത്. ഇത്ര ഭീമമായ വേഗത്തിലുള്ള ആ ധാരകള്‍ ഏതെങ്കിലും വസ്തുവുമായി കൂട്ടിമുട്ടാനിടയായാല്‍ ന്യൂട്രിനോകളും ഗാമാകിരണങ്ങളും രൂപപ്പെടും.
യഥാര്‍ഥത്തില്‍ ഘനലോഹങ്ങള്‍ തമോഗര്‍ത്തങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തുന്നത് ഇത് ആദ്യമായല്ല. SS433 എന്ന തമോഗര്‍ത്തത്തില്‍ ഇത് നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, അത് അസാധാരണമായ ഒരു സംവിധാനമാണ്. ഒരു സാധാരണ തമോഗര്‍ത്തം ഇത്തരം ഘനലോഹങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തുന്നത് ആദ്യമായാണ് - വാര്‍ത്താക്കുറിപ്പില്‍ ഡോ. ടാസോ ടിസിയോമിസ് അറിയിക്കുന്നു
No comments:
Post a Comment