Tuesday, September 3, 2013

കളരിചികിത്സ

കളരിചികിത്സ

 ആയൂര്‍വേദ വിധിപ്രകാരമുള്ള ചികിത്സാ സമ്പ്രദായമാണ്‌ കളരി ചികിത്സ. എല്ലിന്‌ സംഭവിക്കുന്ന തകരാറുകള്‍, സ്‌പോര്‍ട്‌സില്‍ പങ്കെടുമ്പോള്‍ ഉണ്ടാകുന്ന മുറിവ്‌, നാഡീവ്യൂഹത്തിനും പേശികള്‍ക്കും ഉണ്ടാകുന്ന രോഗങ്ങള്‍, ഉദാഹരണത്തിന്‌ പുറംവേദന, സ്‌പോന്‍ഡിലോസിസ്‌, സന്ധിവാതം, ജന്മനാ ഉണ്ടാകുന്ന വളര്‍ച്ചാ വൈകല്യങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ ഇത്‌ ഉത്തമം. ഇത്‌ ചികിത്സിക്കുന്ന ആളെ ഗുരുക്കള്‍ എന്നാണ്‌ പറയുന്നത്‌. അദ്ദേഹം എല്ലുകള്‍ കൂട്ടിച്ചേര്‍ത്ത്‌ വച്ച്‌ എണ്ണയും പച്ചമരുന്നും ചേര്‍ന്ന പ്രത്യേകം തയ്യാറാക്കുന്ന കുഴമ്പുകള്‍ ചേര്‍ത്താണ്‌ തിരുമ്മുന്നത്‌.
ശരീരഭാഗത്ത്‌ ചില പ്രത്യേക സ്ഥലത്ത്‌ ചതവോ, അടിയോ, ലഭിച്ചാല്‍ അവയവങ്ങള്‍ക്ക്‌ തളര്‍ച്ചയോ മരണമോ സംഭവിക്കാം. അങ്ങനെയുള്ള നൂറ്റിയേഴ്‌ സ്ഥലങ്ങള്‍ ഉണ്ട്‌. ഇവയെ മര്‍മ്മങ്ങള്‍ എന്നു പറയുന്നു. കളരി ചികിത്സയില്‍ മര്‍മ്മങ്ങള്‍ക്ക്‌ സുപ്രധാന സ്ഥാനമാണ്‌ ഉള്ളത്‌. ഈ മര്‍മ്മ സ്ഥാനങ്ങളില്‍ ഏതിനെങ്കിലും ചതവോ, ക്ഷതമോ സംഭവിക്കുമ്പോളാണ്‌ അസുഖങ്ങള്‍ ഉണ്ടാകുന്നത്‌. ക്ഷതമേല്‌ക്കുന്ന മര്‍മ്മ സ്ഥാനങ്ങള്‍ ചികിത്സിച്ച്‌ നേരേയാക്കുമ്പോളാണ്‌ അസുഖം ഭേദമാകുന്നത്‌.

ഉഴിച്ചില്‍

ഉഴിച്ചില്‍ ശരീരത്തിലെ നാഡീവ്യൂഹത്തിനും പേശികള്‍ക്കും നവചൈതന്യം നല്‌കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പേശികള്‍ക്ക്‌ ക്ലിപ്‌തമായ അളവില്‍ മര്‍ദ്ദം സല്‌കുന്ന സമ്പ്രദായമാണിത്‌. അതേസമയം നാഡീവ്യൂഹത്തെയും രക്തപ്രവാഹത്തെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
ശരീരഭാഗങ്ങളില്‍ എണ്ണ തേക്കുകയും, തിരുമ്മുകയും ചെയ്യുന്ന വിധിയാണിത്‌. കളരിപ്പയറ്റ്‌ പരിശീലനത്തിനും പൊതുവേയുള്ള ശാരീരികക്ഷമതയ്‌ക്കും ഉഴിച്ചില്‍ ഫലപ്രദമാണ്‌. ഉഴിച്ചിലിന്റെ മര്‍ദ്ദവും ശക്തിയും നാല്‌ ദിവസം വരെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതിനുശേഷം ക്രമേണ കുറഞ്ഞു വരുന്നു. ഏഴാം ദിവസം ഇത്‌ ഏറ്റവും കുറഞ്ഞ്‌ വരും. മുഖത്തും തലയിലുമാണ്‌ ഉഴിച്ചില്‍ പ്രധാനമായും നടത്തുന്നത്‌

കിഴിതിരുമ്മ്‌

ഇലകളുംപച്ചമരുന്നുകളും ചേര്‍ന്ന മിശ്രിതം ഒരു തുണി സഞ്ചിയില്‍ ക്രമീകരിക്കുന്നതിന്‌ കിഴിയെന്ന്‌ പറയുന്നു. കിഴി ഒരു തൈലത്തിന്റെ പ്രാത്രത്തില്‍ മുക്കി ശരീരത്ത്‌ വേദനയും നീരും ഉള്ള ഭാഗത്ത്‌ പിടിപ്പിക്കുന്നു. രോഗിയുടെ ശാരീരിക ആരോഗ്യത്തിനനുസരിച്ചാണ്‌ കിഴിയുടെ ഊഷ്‌മാവ്‌ നിശ്ചയിക്കുന്നത്‌. സന്ധിവാതം, ഓസ്റ്റിയോ വാതം എന്നിവയ്‌ക്ക്‌ കിഴിതിരുമ്മ്‌ ഫലപ്രദമാണ്‌, പ്രായമായവരില്‍ കണ്ട്‌ വരുന്ന ചെറിയ മുറിവുകള്‍ക്കും ചുളിവുകള്‍ക്കും അവര്‍ക്ക്‌ ഉണ്ടാകുന്ന മറ്റ്‌ വ്യഥകള്‍ക്കും ഇത്‌പ്രയോജനപ്പെടും. കിഴിയില്‍ പ്രധാനം ഞവരക്കിഴിയാണ്‌. നാഡീവ്യൂഹത്തിനും പേശികള്‍ക്കും ശക്തിപകരാന്‍ നല്‌കുന്ന കിഴി പ്രയോഗമാണ്‌ ഞവരക്കിഴി. ഞവര എന്നു പറഞ്ഞാല്‍ ഔഷധഗുണമുള്ള അരിയാണ്‌. കഷായത്തില്‍ തിളപ്പിച്ച്‌ എടുത്ത കിഴി പാലും കഷായവും ചേര്‍ന്ന മിശ്രിതത്തില്‍ മുക്കി ശരീരമാസകലം പ്രയോഗിക്കുന്നു.

നസ്യം

ഒരു തരം കളരി ചികിത്സയാണിത്‌. നാസാദ്വാരത്തില്‍ കൂടി ഔഷധം ചേര്‍ന്ന എണ്ണ ഒഴിച്ചുകൊടുക്കുന്ന സമ്പ്രദായമാണിത്‌. സൈനസൈറ്റിസ്‌, ചെവി, മൂക്ക്‌, തൊണ്ട ഇവയ്‌ക്ക്‌ വരുന്ന അസുഖങ്ങള്‍ക്ക്‌ ഫലപ്രദമാണ്‌ നസ്യം.

 ഒരു രോഗത്തിന്റെ മൂലകാരണത്തെ ഇല്ലായ്‌മ ചെയ്യുന്ന രീതിയാണ്‌ കളരിചികിത്സ. അല്ലാതെ രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്ക്‌ ചികിത്സക്കുന്ന സമ്പ്രദായമല്ല. ശരീരത്തിന്‌ അനുചിതമായ യാതൊന്നും നിലനിര്‍ത്തുന്നുമില്ല. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുമില്ല.
കളരി ചികിത്സയും മഹത്വവും പ്രശസ്‌തിയും അനുദിനം പുതിയ ഉയരങ്ങളിലേയ്‌ക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌ .
    


No comments:

Post a Comment