Wednesday, September 25, 2013

നീ എന്നെത്തന്നെയാണോ വിളിച്ചത്?




വത്തിക്കാനിലെ സാന്താ മാര്‍ത്താ അപ്പാര്‍ട്ട്‌മെന്റിലെ ഇരുനൂറ്റി ഒന്നാം നമ്പര്‍ മുറി. മുറിക്കുള്ളില്‍ വളരെക്കുറച്ചു സാധനങ്ങള്‍ മാത്രം. ഒരു ചെറിയ മേശ. അതില്‍ ഫ്രാന്‍സിസ് അസ്സീസിയുടെ ചെറിയൊരു പ്രതിമ.

ഭിത്തിയില്‍ ഒരു ക്രൂശിത രൂപം. അര്‍ജന്റീനയിലെ ലുജാനില്‍ നിന്നുള്ള മാതാവിന്റെ തിരുസ്വരൂപം. യൗസേപ്പിതാവിന്റെ രൂപം മറ്റൊരിടത്ത്. പുറംചട്ട കീറിത്തുടങ്ങിയ ഒരു നിത്യാരാധന പുസ്തകം മേശപ്പുറത്തും.

ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള മനുഷ്യന്റെ മുമ്പിലാണ് നാം.
ഔപചാരികതകളും  സെക്രട്ടറിമാരുടെ ഇടപെടലുകളും ഇല്ലാതെ ഒരു പച്ചമനുഷ്യനായി ഹൃദയം തുറന്നു സംസാരിക്കുകയാണ് മാര്‍പാപ്പ. ഈശോസഭക്കാരനായിരുന്ന മാര്‍പാപ്പയുടെ മുന്നില്‍ ഫാ.അന്റോണിയോ സ്പദാരൊ. ഇറ്റലിയിലെ ജെസ്യൂട്ട് പ്രസിദ്ധീകരണമായ 'ലാ സിവിള്‍ട്ടാ കത്തോലിക്കാ'യുടെ എഡിറ്റര്‍.
ഫാ. അന്റോണിയോ ചോദിച്ചു: 'ആരാണ് ജോര്‍ജ് മരിയോ ബെര്‍ഗോളിയോ?'
മാര്‍പാപ്പ തെല്ലൊന്നു പകച്ചു; ഒരുമാത്ര ചിന്താമഗ്‌നനായിരുന്നു.

'ഒരു പാപിയാണ് അയാള്‍. ഏറ്റവും അനുയോജ്യമായ നിര്‍വചനം അത് തന്നെയാണ്! സംഭാഷണത്തിന്റെ ഭംഗിക്കു വേണ്ടി പറയുന്നതല്ല ഞാനിത്.'
റോമിലെ അത്രയൊന്നും പ്രശസ്തമല്ലാത്ത ദേവാലയത്തിലെ ഒരു ചുവര്‍ചിത്രം ഓര്‍മിച്ചു പോപ്പ് ഫ്രാന്‍സിസ് അപ്പോള്‍. ലൂയി ഓഫ് ഫ്രാന്‍സ് ദേവാലയത്തില്‍ ആണ് അത്.
ചുങ്കസ്ഥലത്തെത്തി മത്തായിയെ വിരല്‍ ചൂണ്ടി വിളിക്കുകയാണ് ക്രിസ്തു. പണസഞ്ചി ഒതുക്കിപ്പിടിച്ച്, ചൂണ്ടുവിരല്‍ തന്റെ നെഞ്ചിനു നേരെയാക്കി അവിശ്വസനീയതയോടെ മത്തായി ക്രിസ്തുവിനോട് ചോദിക്കുന്നു; നീ എന്നെത്തന്നെയാണോ വിളിച്ചത്?

'എന്റെയുള്ളില്‍ എന്നും ഞാന്‍ പറയാറുണ്ട്, ഞാനാണ് ആ ചുങ്കക്കാരന്‍ മത്തായി. ഒരു പാപിയെ വിരല്‍ ചൂണ്ടി വിളിച്ചിരിക്കുകയാണ് ദൈവം. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ആ വൈകുന്നേരം എനിക്ക് തോന്നിയതും അതേവികാരം തന്നെ. ഞാനൊരു പാപിയാണ്. എന്നാല്‍, യേശുവിന്റെ പരിധിയില്ലാത്ത കരുണയാണ് എന്നെ വിളിച്ചിരിക്കുന്നത്'.
ഈ മഹാകരുണ ലോകത്തിനു മുഴുവന്‍ പകര്‍ന്നു നല്കാന്‍ സഭയ്ക്കു കഴിയണം എന്ന് പറയുന്നു മാര്‍പാപ്പ. 'വിശുദ്ധരായ' ചുരുക്കം ചിലര്‍ക്ക് ഇരിപ്പിടം തീര്‍ക്കുന്ന കുരിശുപള്ളിയല്ല സഭ എന്നും സകല ജനത്തിനും വേണ്ടി വാതില്‍ തുറക്കുന്ന മഹാ സങ്കേതമാണ് അതെന്നും പറയുന്നു പാപ്പ. അത് അമ്മയുടെ മടിത്തട്ടാണ്; മടങ്ങിയെത്താനുള്ള അവസാനത്തെ ഇടം.
'സഭ ഒരു സൈനിക ആശുപത്രി പോലെയാണ്. മുറിവേറ്റ സകലര്‍ക്കും ആശ്വാസം ലഭിക്കുന്ന ഒരിടം. മുറിവുകള്‍ ഉണക്കുന്ന ഒരിടമാകണം അത്. ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ കനല്‍ എരിയിക്കുന്ന ഇടം. അങ്ങനെ, സംഭവിക്കാന്‍ സാമീപ്യത്തിന്റെ ചൂട് വേണം. അവരിലേക്ക് നാം ഇറങ്ങി ചെല്ലണം'.

'സഭാ ശുശ്രൂഷകര്‍ കരുണ പകരുന്നവരാകണം. കുമ്പസാരം കേള്‍ക്കുന്ന  പുരോഹിതനില്‍ ഉണ്ടാകണം കരുണയുള്ള ഒരു ഹൃദയം. ജനത്തോടൊപ്പം സഞ്ചരിച്ചു അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്ന ഒരാള്‍.'

'സഭയ്ക്ക് വേണ്ടത് ഇടയന്മാരായ വൈദികരെയാണ്; അല്ലാതെ, ബ്യൂറോക്രാറ്റുകളെയല്ല; ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമല്ല.'
'വാതിലുകള്‍ തുറന്നിടുക മാത്രം ചെയ്യുന്ന സഭയല്ല വേണ്ടത്; പുതിയ പാതകള്‍ തുറന്ന് ജനങ്ങളിലേക്ക് ഇറങ്ങുന്ന ഒരു സഭയാണ് ആവശ്യം.' പോപ്പ് ഫ്രാന്‍സിസ് ഹൃദയം തുറക്കുന്നു

No comments:

Post a Comment