Tuesday, October 29, 2013

രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍

 

രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ - നാട്ടുഭാഷയില്‍ 'പ്രഷറിന്റെ അസുഖം' - എന്നത് സനാതന (ക്രോണിക്) രോഗങ്ങളിലെ രാജാവാണ് ഇന്ന്. പ്രഥമമായും ഇത് രക്തക്കുഴലുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ്.
ഇന്ത്യയില്‍ ഏതാണ്ട് 19.5 കോടി ജനങ്ങളെ ബാധിക്കുന്ന രോഗം. ലോകത്ത് ഇന്ന് 60 കോടി ആളുകള്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെന്നു അനുമാനിക്കപ്പെടുന്നു. ഇന്റര്‍ നെറ്റ് അടക്കമുള്ള വിവരവിനിമയോപാധികള്‍ ഇത്രകണ്ട് പ്രചരിച്ചിട്ടും ഇതില്‍ ഏതാണ്ട് 70 % ആളുകള്‍ക്കും അവരുടെ രോഗാവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ല എന്നതാണ് വാസ്തവം. രോഗം ഉണ്ടെന്നു അറിയുന്നവരില്‍ തന്നെ കഷ്ടിച്ച് 45%-ത്തോളം ആളുകളേ ബി.പി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുള്ളൂ. ഇങ്ങനെ രോഗം ഏതെങ്കിലും രീതിയില്‍ ചികിത്സിക്കാന്‍ ശ്രമിക്കുന്ന ആളുകളില്‍ തന്നെ 34%ത്തോളം പേര്‍ മാത്രമേ കൃത്യമായി വേണ്ടുന്ന അളവുകളില്‍ ബി.പി.യെ നിയന്ത്രിച്ചു നിര്‍ത്തുന്നുള്ളൂ !
എങ്ങനെയുണ്ട് ?? :)

ഇതിനെ രോഗങ്ങളുടെ രാജാവ് എന്നുവിളിക്കാന്‍ കാരണമുണ്ട് :
ഒന്നാമത്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു 'ചുഴി'യാണ് - സമയത്ത് ഇടപെട്ടില്ലെങ്കില്‍ ഒരു രോഗത്തില്‍ നിന്നും മറ്റൊരു രോഗത്തിലേയ്ക്ക് കൂപ്പുകുത്തിക്കാന്‍ ഇതിനു കഴിയും. രണ്ടാമത്, രക്താതിസമ്മര്‍ദ്ദത്തിന്റെ ഉപോല്പന്നമായ രോഗങ്ങളാണ് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്), കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍(റെറ്റിനോപ്പതി), തലച്ചോറിലെ ചെറുരക്തക്കുഴലുകളിലെ രക്തസ്രാവം മൂലമുള്ള ഓര്‍മ്മക്കുറവ് (വാസ്കുലാര്‍ ഡിമെന്‍ഷ്യ), വൃക്കയെബാധിക്കുന്ന നെഫ്രോപ്പതി എന്നിവ.

മേല്‍പ്പറഞ്ഞ രോഗങ്ങളില്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും ലോകത്തിലെ ഏറ്റവും വലിയ കൊലയാളി രോഗങ്ങളില്‍ നമ്പര്‍ 1 ആണ് ! സര്‍വ്വോപരി ലോകത്തിലെ മൊത്തം മരണങ്ങളില്‍ 13 -15% കേസുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടുണ്ടാകുന്ന രോഗങ്ങള്‍ കൊണ്ടാണുണ്ടാകുന്നത് എന്നുകൂടിപറയുമ്പോള്‍ പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്നൂഹിക്കാമല്ലോ.
അപ്പം നമ്മക്ക് പുരാണം തൊടങ്ങാം.... ?

എന്തരെഡേയ് 120 / 80 mm Hg എന്നൊക്കെ യെവന്മാര് ഈ എഴുതണത് ?

ഒരു ഹോസിലൂടെന്നപോലെ രക്തം രക്തക്കുഴലുകളിലൂടെ ഒഴുകുമ്പോള്‍ കുഴലിന്റെ ഉള്‍വശങ്ങളില്‍ ചെലുത്തുന്ന പ്രഷര്‍ - മര്‍ദ്ദം- ആണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ് പ്രഷര്‍. ഇതിനു ഹൃദയത്തിന്റെ താളത്തിലുള്ള മിടിപ്പുമായി ബന്ധമുണ്ട്.
ശ്വാസകോശത്തില്‍ നിന്നും സമൃദ്ധമായി ഓക്സിജനെയും വഹിച്ചുകൊണ്ട് കൊണ്ട് വരുന്ന രക്തം ആദ്യം നിറയുന്നത് ഹൃദയത്തിലാണ്. ഹൃദയം ഈ ശുദ്ധരക്തത്തെ അയോര്‍ട്ട (മഹാധമനി) എന്നു പേരുള്ള വലിയ രക്തക്കുഴലിലൂടെ ശക്തിയായി പുറത്തേക്ക് ചീറ്റി വിടുന്നു. മഹാധമനിയാകട്ടെ ഒരു വന്മരത്തിന്റെ ശാഖകള്‍ പോലെ ആര്‍ട്ടറികള്‍ എന്നറിയപ്പെടുന്ന ചെറിയ ധമനികളും രക്തക്കുഴലുകളുമായി പിരിഞ്ഞു പിരിഞ്ഞ് ശരീരത്തിലെ ഓരോ അവയവത്തിലെയും ഓരോ കോശത്തിലേക്കും ഓക്സിജനും പോഷകങ്ങളുമെത്തിക്കുന്നു.
ഓരോ പ്രാവശ്യം ഹൃദയം മിടിക്കുമ്പോഴും അതില്‍ നിറഞ്ഞ രക്തത്തെ മഹാധമനി വഴി ചീ‍റ്റി പുറത്തേയ്ക്ക് വിടുന്നുവെന്നു പറഞ്ഞല്ലോ. ആ ചീറ്റല്‍ മൂലം രക്തക്കുഴലുകളുടെ ഉള്‍വശത്ത് അനുഭവപ്പെടുന്ന പ്രഷറിനെയാണ് സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ എന്ന് വിളിക്കുക. 120/80 എന്ന് ബി.പി അളന്ന് എഴുതുന്നതില്‍ മുകളിലത്തെ 120 എന്ന സംഖ്യ സിസ്റ്റോളിക് പ്രഷറിനെ സൂചിപ്പിക്കുന്നു. സാധാരണ മനുഷ്യരില്‍ ഇത് 100 മുതല്‍ 139 വരെ വരാം.

താഴെ എഴുതുന്ന 80 എന്ന സംഖ്യ ഡയസ്റ്റോളിക് രക്തസമ്മര്‍ദത്തെയാണ് സൂചിപ്പിക്കുന്നത്. ഡയസ്റ്റോളിക് എന്നുപറഞ്ഞാല്‍ ഹൃദയം രക്തം പമ്പുചെയ്യുന്നതിനു മുന്‍പ് ആ‍ദ്യം വികസിക്കുമെന്ന് പറഞ്ഞല്ലോ; അതിന്റെ അറകളിലേക്ക് അപ്പോള്‍ രക്തം വന്നു നിറയുന്ന പ്രക്രിയയെയാണ് ഡയസ്റ്റോളി എന്ന് വിളിക്കുക. ഈ സമയത്ത് ശരീരത്തിലെ രക്തക്കുഴലുകള്‍ തനിയ അടഞ്ഞുപോകാതിരിക്കാനായി ആ കുഴലുകളില്‍ നിലനിര്‍ത്തപ്പെടുന്ന ഒരു പ്രഷര്‍ ഉണ്ട്. അതാണ് ഈ ഡയസ്റ്റോളിക് പ്രഷര്‍. ഇത് പ്രധാനമായും ചില ഹോര്‍മോണുകളാല്‍ നിലനിര്‍ത്തപ്പെടുന്ന ഒന്നാണ്. (വിശദമായി താഴെ). സാധാരണയായി ഇത് 60 മുതല്‍ 89 വരെയാകാം.

മെര്‍ക്കുറി (Hg) നിറച്ച സ്ഫിഗ്മോ-മാനോ-മീറ്റര്‍ (sphygmo എന്ന് ഓമനപ്പേര്‍; സ്ഫിഗ്മസ് =നാഡിമിടിപ്പ് ) എന്ന ഒരു യന്ത്രമുപയോഗിച്ചാണല്ലോ ബി.പി അളക്കുക. ഇതില്‍ വായു അടിച്ചുകയറ്റാവുന്ന ഒരു റബര്‍ കഫ് ഇണ്ടാകും. അത് കൈയ്യില്‍ കെട്ടി വായു പമ്പ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കൈയ്യിലെ പ്രധാന രക്തക്കുഴലായ ബ്രേക്കിയല്‍ ആര്‍ട്ടറി എന്ന ധമനിയെ കുറച്ചു നിമിഷത്തേക്ക് രക്തമോടാത്ത വിധത്തില്‍ പൂര്‍ണ്ണമായും ഞെരുക്കുകയാണ് ഡോക്ടര്‍ ചെയ്യുന്നത്. ഇതു ചെയ്യുമ്പോള്‍ കൈയ്യിലെ നാഡിമിടിപ്പ് ഒരു പോയിന്റില്‍ തീരെയില്ലാതാകുന്നു. രക്തയോട്ടം പൂര്‍ണ്ണമായി നിന്നുവെന്നര്‍ത്ഥം. ഈ പോയിന്റില്‍ മെര്‍ക്കുറി എത്ര ഉയരത്തിലാണൊ സ്ഫിഗ്മോമാനോമീറ്ററില്‍ കാണുന്നത് അതാണ് സിസ്റ്റോളിക് പ്രഷര്‍. ഈ പോയിന്റില്‍ നിന്നും ഡോക്ടര്‍ മെല്ലെ വായു നിറച്ച കഫില്‍ നിന്ന് വായുവിനെ തുറന്നു വിടുമ്പോള്‍ കൈയിലെ അടഞ്ഞുനില്‍ക്കുകയായിരുന്ന രക്തക്കുഴലിലേക്ക് രക്തം വീണ്ടും ഒഴുകിത്തുടങ്ങുന്നു. ഇത് കൈമുട്ടിന്റെ മടക്കില്‍ ഒരു സ്റ്റെതസ്കോപ്പ് വച്ച് കേട്ടാല്‍ ഗ്ലുക് ഗ്ലക് എന്ന ഒരു ശബ്ദമായി തിരിച്ചറിയാം. ആ ഗ്ലഗ് ഗ്ലഗ് ശബ്ദം മുഴുവനായി നില്‍ക്കുന്ന പോയിന്റാണ് ഡയസ്റ്റോളിക് പ്രഷര്‍. ഈ പോയിന്റ് കടന്നാല്‍ കൈയ്യിലെ രക്തക്കുഴലിലൂടെ രക്തയോട്ടം പൂര്‍ണ്ണമായും പുനരാരംഭിക്കും.

ബീ.പ്പീടെ അസുഖം എങ്ങനെയെഡേയ് അപ്പീ വരണത് ? *

കാരണങ്ങളെ അടിസ്ഥാനമാക്കി വിഭജിച്ചാല്‍ രക്താതിസമ്മര്‍ദം രണ്ട് തരത്തിലുണ്ട് : സാധാരണ രക്താതിസമ്മര്‍ദം അഥവാ പ്രാഥമിക ഹൈപ്പര്‍ടെന്‍ഷന്‍. പിന്നെ, അസാധാരണ രക്താതിസമ്മര്‍ദം അഥവാ ദ്വിതീയ ഹൈപ്പര്‍ടെന്‍ഷന്‍.ഇതില്‍ സാധാരണ രക്താതിസമ്മര്‍ദം ആണ് 95% രോഗികളിലേതും. ഈ ടൈപ്പ് രക്തസമ്മര്‍ദത്തിനു കൃത്യമായ ഒറ്റക്കാരണം ചൂണ്ടിക്കാണിക്കാനാവില്ല - അതായത് ഒട്ടനവധി കാരണങ്ങള്‍ പല പല കോമ്പിനേഷനുകളില്‍ വന്നു നിറയുമ്പോഴാണ് ബി.പി ക്രമാതീതമാകുന്നതെന്ന് . പ്രാഥമിക രക്താതിസമ്മര്‍ദം എന്നത് ഒരാളുടെ ജീനുകളില്‍ എഴുതപ്പെട്ടിട്ടുള്ള സംഗതിയാണ്. ആ ജീനുകളുടെ പ്രഭാവത്തെ ഉണര്‍ത്തുകയും വേഗത്തിലാക്കുകയും ചെയ്യുന്നതോ, നമ്മുടെ ജീവിതശൈലിയും പിന്നെ ചുറ്റുപാടുകളുമായി ശരീരം പ്രതികരിക്കുന്ന രീതിയും.
പൊതുവായ കാരണങ്ങളില്‍ ചിലതു നോക്കാം :

1. മഹാധമനിയിലേയും (അയോര്‍ട്ട) അതിന്റെ കൈവഴികളിലെയും രക്തയോട്ടത്തെ ആശ്രയിച്ചാണ് രക്തത്തിന്റെ സാധാരണ പ്രഷര്‍ നില്‍ക്കുന്നതെന്നു പറഞ്ഞല്ലോ. രക്തമൊഴുകുമ്പോള്‍ ഈ കുഴലുകള്‍ ഇലാസ്റ്റിക് പോലെ വലിയുകയും വികസിക്കുകയുമൊക്കെ ചെയ്യുകയാണെങ്കില്‍ പ്രഷര്‍ നോര്‍മലായി തന്നെ ഇരിക്കും. എന്നാല്‍ ജീനുകളുടെ പ്രത്യേകതമൂലം ഈ ഇലാസ്റ്റിക് സ്വഭാവത്തിനു മാറ്റം വരാം - അതായത് രക്തക്കുഴലുകള്‍ സ്വല്പം കട്ടി കൂടിയതാകാം. കറുത്ത വര്‍ഗ്ഗക്കാരായ നമ്മള്‍ ഇന്ത്യാക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും ഈ പ്രശ്നം പ്രധാനമാണ്. കാരണം പൊതുവേ നമ്മളുടെ രക്തക്കുഴലുകളുടെ തുള ചെറുതാണ്. ഈ ശാരീരികാവസ്ഥ ബി.പി രോഗത്തെ വേഗം വിളിച്ചുവരുത്തുന്നു.

2. നമുക്ക് ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും, ഭയം, ആകാംക്ഷ, ദേഷ്യം എന്നിവയുണ്ടാകുമ്പോഴും നമ്മുടെ ചില നാഡികളില്‍ (nerves)വിസര്‍ജ്ജിക്കപ്പെടുന്ന ഹോര്‍മോണുകളാണ് അഡ്രീനലിന്‍, നോറഡ്രീനലിന്‍, ഡോപ്പമീന്‍ എന്നിവ (സിമ്പതെറ്റിക് ഹോര്‍മോണുകളെന്നും പറയും). യെവന്മാര് പുലികളാണ്. നെഞ്ചിടിപ്പ് കൂട്ടുക,വികാരവിക്ഷോഭം ഉണ്ടാക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ക്ക് പുറമേ ഇവന്മാര്‍ ബീ.പിയും കേറ്റും. 55 വയസില്‍ താഴെ പ്രായമുള്ളവരില്‍ ബീ.പി കൂടാന്‍ ഇതൊരു പ്രധാന കാരണമാണ്. ജാഗ്രതൈ !

3. മേല്‍പ്പറഞ്ഞ സിമ്പതെറ്റിക് ഹോര്‍മോണുകളുടെ അമിത പ്രഭാവവും രക്താതിസമ്മര്‍ദവുമൊക്കെ സാരമായി ബാധിക്കുന്ന അവയവമാണ് കിഡ്ണി(വൃക്ക). രക്തത്തില്‍ നിന്നുള്ള ഉപ്പും ആഹാരദഹനത്തിനു ശേഷമുള്ള പാഴ് രാസവസ്തുക്കളും വെള്ളവുമൊക്കെ ചേര്‍ത്താണ് വൃക്കകള്‍ മൂത്രം ഉണ്ടാക്കുന്നത്. മൂത്രത്തിലെ ഉപ്പിന്റെ അളവ് പ്രധാനമാണ്. വൃക്കയിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ അവിടുത്തെ രക്തക്കുഴലുകളില്‍ ആഞ്ജിയോ ടെന്‍സിന്‍, റെനിന്‍, ആല്‍ഡോസ്റ്റീറോണ്‍ എന്നീ ഹോര്‍മ്മോണുകള്‍ കേറിയങ്ങു കൂടും. ഈ ഹോര്‍മോണുകള്‍ 'എടപെട്ടാല്‍' വൃക്ക പതുക്കെ മൂത്രത്തിലൂടെ ഉപ്പ് കളയുന്ന പരിപാടി നിര്‍ത്തിവയ്ക്കും. ഉപ്പ് ശരീരത്തില്‍ കെട്ടിക്കിടന്നാലോ, രക്തസമ്മര്‍ദ്ദം കൂടുതലുയരുകയും ചെയ്യും. വൃക്കയിലേക്ക് രക്തയോട്ടം കുറയാന്‍ മേല്പറഞ്ഞ സിമ്പതെറ്റിക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെ മതി.

4. ഉപ്പെന്നാല്‍ സോഡിയം ക്ലോറൈഡ് (NaCl ). ഇതിലെ സോഡിയം തന്മാത്ര (Na+) ശരീരകോശങ്ങളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയും ചില രക്തസമ്മര്‍ദ രോഗികളില്‍ കാണാറുണ്ട്. ഈ സോഡിയത്തിന് ഒരു സൂക്കേടുണ്ട് - പോകുന്നിടത്തൊക്കെ കാല്‍ഷ്യത്തെയും കെട്ടിയെടുക്കും. കാല്‍ഷ്യമാകട്ടെ (Ca++) മസിലുകളില്‍ കയറിയാല്‍ മസില്‍ പെരുകും. രക്തക്കുഴലുകളിലും ഉണ്ട് ഇങ്ങനത്തെ മസിലുകള്‍. കാല്‍ഷ്യം കേറിയാല്‍ അവറ്റകള്‍ 'ബലം പിടിക്കും' - ഫലമോ, രക്തക്കുഴലിലിന്റെ ഇലാസ്റ്റിക സ്വഭാവം മാറും....പിന്നെ എല്ലാം നേരത്തെ പറഞ്ഞപോലെ.
വെറുതേയിരിക്കുമ്പോഴേ സോഡിയത്തിന് ഇമ്മാതിരി തരികിട നമ്പരുകള്‍ ഉണ്ട്. അപ്പോ പിന്നെ ആവശ്യത്തിലധികം ഉപ്പ് കൂട്ടുന്നവരോ ? എല്ലാ കറികളിലും കൂടെ ഒരു ദിവസം പരമാവധിയുപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ളത് 6 - 7 ഗ്രാം ഉപ്പ് ആണ്. അതിന്റെ സ്ഥാനത്ത് അച്ചാറും പപ്പടവും മോരും ഒക്കെയായി ശരാശരി ദക്ഷിണേന്ത്യക്കാരന്‍ ഉപയോഗിക്കുന്നത് 14 ഗ്രാം...ബലേ !

5. അസാധാരണ രക്തസമ്മര്‍ദം എന്നറിയപ്പെടുന്ന ചില അപൂര്‍വ രോഗങ്ങളുണ്ട്. കിഡ്ണിയുടെ മുകളില്‍ വാഴക്കാ ബജി പോലെ ഒട്ടിയിരിക്കുന്ന രണ്ട് ഗ്രന്ഥികളുണ്ട് - അഡ്രീനല്‍ ഗ്രന്ഥികള്‍. ഈ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ചില കുഞ്ഞു ട്യൂമറുകള്‍ ആണ് പ്രധാ‍നമായും അസാധാരണ രക്തസമ്മര്‍ദ്ദത്തിനു കാരണമായ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. (അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല - ബോറടിക്കും. ഇപ്പഴേ ഉറക്കം വരണ് :)


അണ്ണാ, ഈ അസുഖങ്ങള് വന്നാ എന്തരെല്ലാമാണ് കൊഴപ്പങ്ങള് ?

രക്താതിസമ്മര്‍ദം ഒരു പാട് രോഗാവസ്ഥകളിലെക്ക് നയിക്കും എന്നു പറഞ്ഞല്ലോ. വിശദീകരിക്കാ‍ന്‍ പോയാല്‍ നാലു പോസ്റ്റെങ്കിലുമെഴുതാന്‍ കാണും ഈ സംഗതിയെക്കുറിച്ച്. അതിനാല്‍ വളരെ ഉപരിപ്ലവമായ ഒരു നോട്ടം മാത്രം തല്‍ക്കാലം :

വലിയ ധമനികളിലെ * * രക്തസമ്മര്‍ദം ഉയരുമ്പോള്‍ ഹൃദയം കൂടുതല്‍ ആയാസപ്പെട്ട് പ്രവര്‍ത്തിച്ചാലേ രക്തക്കുഴലുകളിലൂടെ ശരിക്ക് രക്തം പമ്പ് ചെയ്യപ്പെടൂ. ഇത് ഹൃദയത്തിന്റെ മസിലുകളെ ആയാസപ്പെടുത്തും, ക്രമേണ ഹൃദയത്തിനു വീക്കം സംഭവിക്കുന്നു. അറ്റാക്ക് വരാന്‍ ഇത് കാരണമാകും. ഉയര്‍ന്നരക്തസമ്മര്‍ദം തകരാറിലാക്കുന്ന മറ്റൊരു അവയവമാണ് വൃക്കകള്‍. ഹൈപ്പര്‍ടെന്‍ഷന്‍ വൃക്കയിലേക്ക് രക്തയോട്ടം കുറയുന്നതിനു കാരണമാകാം. ( മുകളിലെ പോയിന്റ് - 4 നോക്കൂ ) ഒന്ന് മറ്റൊന്നിനു കാരണമാകുന്ന ഒരു ചാക്രിക പ്രക്രിയ (vicious circle ).

ഇനി രക്താതിസമ്മര്‍ദ്ദത്തിനോടൊപ്പം കൊളസ്ട്രോള്‍ കൂടുതലാണ് എന്നിരിക്കട്ടെ, ഈ കൊഴുപ്പ് ചെറിയ രക്തക്കുഴലുകളുടെ ഉള്‍വശത്ത് അടിഞ്ഞ് കൂടുന്നത് വേഗത്തിലാകും. അടിഞ്ഞുകൂടിയ കൊഴുപ്പില്‍ കാല്‍ഷ്യം കൂടി കലരുന്നു. ഇത് രക്തക്കുഴലിന്റെ ഉള്‍വശത്തെ ചുരുക്കിക്കളയുന്നു. ഒഴുകാന്‍ സ്ഥലമില്ലാത്ത രക്തം കട്ടപിടിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിലെയോ തലച്ചോറിലെയോ കുഞ്ഞു രക്തക്കുഴലുകളിലാണ് സംഭവിക്കുന്നതെങ്കിലോ ? രക്തം കിട്ടാ‍തെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും കോശങ്ങള്‍ നശിക്കാന്‍ കാ‍രണമാകും. അതാണ് ഹാര്‍ട്ട് അറ്റാക്ക്, പക്ഷാഘാതം (സ്ട്രോക്ക്) എന്നിവയില്‍ കലാശിക്കുക. ഡയബറ്റീസ് (മധുമേഹം) കൂടി രക്താതിസമ്മര്‍ദത്തിനും കൊളസ്ട്രോളിനും മേമ്പൊടിയായി ഉണ്ടെങ്കില്‍ പിന്നെ കാര്യം ഭേഷായി..! ഇനി ഇതിന്റെയൊക്കെ കൂടെ വെള്ളമടി, പുകവലി എന്നിങ്ങനെയുള്ള മനോഹര ശീലങ്ങള്‍ കൂടിയായാലോ ? എപ്പ കട്ടയും പടവും മടങ്ങി എന്ന് ച്വോദിച്ചാ മതിയണ്ണാ..!
രണ്ടോ അതില്‍ക്കൂടുതലൊ പെഗ്ഗ് അടിക്കുന്ന (ബിയറല്ല, മറ്റവന്‍) ഒരുവന്റെ ബി.പി ചാടിക്കളിച്ചോണ്ടിരിക്കും. അതുകാരണം കൊടുക്കുന്ന മരുന്നുപോലും നേരാം വണ്ണം ഫലിക്കില്ല. ( 'എ പെഗ് ഏ ഡേ കിപ്സ് ദ ഡോക്ടര്‍ എവേ' എന്നൊക്കെ സായിപ്പ് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് വെള്ളമടി ഹൃദ്രോഗത്തിനു ബെസ്റ്റാണെന്ന് കരുതിയിരിക്കുന്നവന്മാര്‍ സൂക്ഷിക്കുക. സായിപ്പിന്റെ ലിമിറ്റ് വേറേ നമ്മടെ ലിമിറ്റ് വേറെ!)

പുകവലിയാകട്ടെ അവനവനെ മാത്രമല്ല അടുത്തിരിക്കുന്നവനെയും വീട്ടിലിരിക്കുന്ന പെണ്ണുമ്പിള്ളയേയും എന്തിന്, വയറ്റിക്കിടക്കുന്ന പാവം കൊച്ചിനെവരെ ബാധിക്കുന്ന ഒന്നാണ്. സ്ഥിരമായ പുകവലി അഡ്രീനലിന്‍ ലെവല്‍ കൂട്ടുന്നു. ഒപ്പം ഓക്സിജന്റെ ക്ഷാമം കൃത്രിമമായി ഉണ്ടാക്കുന്നതിനാല്‍ രക്തക്കുഴലുകള്‍ ചുരുങ്ങുകയും പ്രഷര്‍ കൂടുകയും ചെയ്യും - വലിയൊരു സാമൂഹ്യ ദ്രോഹം !

രോഗമില്ലാത്തവരിലും രോഗമുള്ളവരിലും രക്തസമ്മര്‍ദ്ദം പ്രഭാതകാലങ്ങളിലാണ് പ്രകൃത്യാ കൂടുന്നത്. ഇതിനുപരിയായി രോഗിയില്‍ പ്രഷര്‍ പെട്ടെന്ന് കൂടുമ്പോള്‍ പ്രധാനമായും തലച്ചോറില്‍ കുഞ്ഞു കുഞ്ഞ് രക്തക്കുഴല്‍ പൊട്ടി ചോരയൊലിക്കും - സെറീബ്രല്‍ ഹെമറജ് എന്ന് ജാഡ പേര്. രാത്രികാലങ്ങളില്‍ സാധാരണ ബി.പി വല്ലാണ്ട് കൂടുമ്പോള്‍ തലച്ചോറിലെ രക്തക്കുഴലില്‍ രക്തം കട്ട പിടിക്കുകയാണ് ചെയ്യുക - ത്രോമ്പോസിസ് എന്ന് പേര്. (കൂടുതലറിയാന്‍ ഈ പോസ്റ്റ് നോക്കാം.)

ത്രോമ്പോസിസ് ആയാലും ഹെമറെജ് ആയാലും ശരീരഭാഗങ്ങള്‍ സ്ഥിരമായോ താല്‍ക്കാലികമായോ തളര്‍ന്നുപോകുക എന്നതാണ് ആത്യന്തിക ഫലം. കണ്ണിലെ കാഴ്ചാഞരമ്പുകളെ ബാധിക്കുന്ന റെറ്റിനോപ്പതി എന്ന അവസ്ഥ മൂലം കണ്ണിനുള്ളില്‍ രക്തസ്രാവം, നീര്‍ക്കെട്ട് എന്നിങ്ങനെ ചില പ്രശ്നങ്ങള്‍ ദീര്‍ഘകാലം പ്രഷര്‍ രോഗിയായിരിക്കുന്നവരില്‍ കാണാം. തലച്ചോറിലെ ചെറുരക്തക്കുഴലുകളിലെ രക്തസ്രാവം മൂലമുള്ള കോശ-നാശം കാരണം ക്രമേണ ഓര്‍മ്മക്കുറവ് (വാസ്കുലാര്‍ ഡിമെന്‍ഷ്യ) വന്നുപെടുന്നു. വൃക്കയെബാധിക്കുന്ന നെഫ്രോപ്പതിയിലാകട്ടെ കിഡ്ണി വഴി പോകാന്‍ പാടില്ലാത്ത ധാരാളം പ്രോട്ടീനുകള്‍ മൂത്രത്തില്‍ നഷ്ടപ്പെടുകയും തദ്വാരാ കിഡ്ണി 'അടിച്ചു'പോകുകയും ചെയ്യാം !

വോ...ശരി...അപ്പീ, ഈ പ്രഷറിന്റെ സൂക്കേട് എങ്ങനെ കണ്ടുപിടിക്കണത് ?

നിങ്ങള്‍ തലകറക്കമോ കടുത്ത തലവേദനയോ തലപ്പെരുപ്പോ ഒക്കെയായി ഡോക്ടറെ കാ‍ണാന്‍ ചെന്നാല്‍ സാധാരണ ആദ്യം ഡോക്ടര്‍ ബി.പി നോക്കുകയാണ് ചെയ്യുക. ഇതുകൊണ്ടാണോ എന്നറിയില്ല, പലരും പൊതുവെ കരുതിയിരിക്കുന്നത് തലവേദനയും തലകറക്കവും തലപ്പെരുപ്പുമൊക്കെയുണ്ടേല്‍ ബി.പി കൂടിയതാണ് അത് എന്നാണ്. ഈ ലക്ഷണങ്ങള്‍ വന്നാല്‍ മാത്രം ബി.പി ക്കുള്ള മരുന്നുകഴിക്കുന്ന രോഗികളും ഉണ്ട് ! മറ്റു ചിലര്‍ കരുതുന്നത് നാഡി മിടിപ്പ് പരിശോധിച്ചാല്‍ രക്താതിസമ്മര്‍ദ്ദം ഉണ്ടോയെന്നു പറയാനാവും എന്നാണ്.

സത്യത്തില്‍ രക്താതിസമ്മര്‍ദ്ദം ഉള്ള ഒരാള്‍ക്ക് സാധാരണ നിലയ്ക്ക് ഒരു ലക്ഷണത്തിലൂടെയും അത് അറിയാന്‍ സാധിക്കില്ല. അസാധാരണ രക്താതിസമ്മര്‍ദ്ദം എന്ന വിഭാഗത്തിലുള്ള ചില അപൂര്‍വരോഗങ്ങളില്‍ മാത്രമേ ബി.പി കൂടുമ്പോള്‍ വ്യക്തമായ രോഗലക്ഷണങ്ങള്‍ മിക്കപ്പോഴും കാണാറുള്ളൂ.

എന്നാല്‍ ഏതവസ്ഥയിലും രക്തസമ്മര്‍ദ്ദം വളരെ കൂടുതലാകുമ്പോള്‍ (ഉദാ: 220/120 mm Hg ഒക്കെ) കടുത്ത തലവേദന, മന്ദത, മനം പുരട്ടല്‍, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട് കേട്ടോ.

ചുരുക്കത്തില്‍ പറഞ്ഞാല്‍ രക്താതിസമ്മര്‍ദം ഒരു ‘തോന്നല്‍‘ അല്ല. 'സ്ഫിഗ്മോ' ഉപയോഗിച്ച് ബി.പി എടുക്കുക എന്നതുമാത്രമാണ് 'പ്രഷറിന്റെ അസുഖം' ഉണ്ടോന്ന് അറിയാന്‍ ഒരേയൊരു മാര്‍ഗ്ഗം.
അതോണ്ട് ചേട്ടന്മാരേ, ചേച്ചിമാരേ, അപ്പൂപ്പന്മാരേ, അമ്മൂമ്മമാരേ കമോണ്‍ ! പത്തുരൂപാ കൊടുത്ത് ഒരു നേഴ്സിംഗ് ഹോമില്‍ ചെന്നിട്ടായാലും മതി - ബി.പി. ആറു മാസം കൂടുമ്പോഴെങ്കിലും അളന്നു നോക്കൂ...രോഗത്തെ ആരംഭത്തില്‍ തന്നെ കണ്ടെത്തി പ്രതിവിധികള്‍ ചെയ്യൂ... മന:സമാധാനത്തോടെ ഉറങ്ങൂ !

ബി.പി അളക്കാന്‍ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

1. ഓടിക്കിതച്ച് ചെന്ന് നോക്കിയാ‍ല്‍ ബി.പി എന്തായാലും ശകലം കൂടുതലായിരിക്കും. അതോണ്ട് ബി.പി നോക്കാന്‍ ചെന്നിരിക്കുന്നതിനു മുന്‍പ് 5 മിനിട്ട് ശാന്തമായി ഇരുന്ന് റിലാക്സ് ചെയ്യൂ.

2. ബി.പി നോക്കാന്‍ ചെന്നിരിക്കുന്നതിനു തൊട്ടു മുന്നേ കാപ്പിയോ ചായയോ കുടിക്കരുത്, പുകവലിക്കുകയുമരുത്. (അവ അഡ്രീനലിന്‍ കൂട്ടും)

3. മരുന്ന് സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നയാളുകള്‍ ബി.പി എടുക്കാന്‍ പോകുന്ന ദിവസവും മരുന്ന് സാധാരണ എപ്പോഴാണോ കഴിക്കുന്നത്, ആ സമയത്ത് തന്നെ കൃത്യമായി മരുന്നു കഴിക്കണം. നിങ്ങള്‍ക്ക് കുറിച്ചുതന്ന മരുന്ന് ഫലപ്രദമാണോ, അതിന്റെ ഡോസ് എത്രവേണം, കൂട്ടണോ, കുറയ്ക്കണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഡോക്ടര്‍ക്ക് അറിയേണ്ടതുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.

4. ബി.പി അളന്നുകൊണ്ടിരിക്കുമ്പോള്‍ നല്ല ചിന്തകള്‍ മാത്രം മനസില്‍ വരുത്തുക. പറ്റുമെങ്കില്‍ ഡോക്ടറുമായി എന്തെങ്കിലും സൊറപറഞ്ഞിരിക്കുക. അയാ‍ള്‍ വലിയ ജാഡയാണെങ്കില്‍ മനസില്‍ ഒരു പാട്ട് മൂളുക, അതുമല്ലെങ്കില്‍ ഒരു സിനിമാ കോമഡിയോര്‍ക്കുക. ബി.പി എടുക്കുന്ന യന്ത്രത്തില്‍ മെര്‍ക്കുറി പൊങ്ങുന്നതും നോക്കിയിരുന്നാല്‍ അതു മതി നിങ്ങള്‍ക്ക് ടെന്‍ഷന്‍ കയറി ബീ.പി കൂടാന്‍ :)

5. ഒരുപ്രാവശ്യം സാധാരണയിലും ഉയര്‍ന്ന ബി.പി അളന്നപ്പോള്‍ കിട്ടിയെന്നുകരുതി നിങ്ങള്‍ ഒരു രക്താതിസമ്മര്‍ദ രോഗിയാകുന്നില്ല. അതുകൊണ്ടുതന്നെ ഉടനെ മരുന്ന് കഴിച്ചുതുടങ്ങേണ്ട കാര്യവുമില്ല. ഒരു മാസത്തിനുള്ളില്‍ പല സമയത്തായി (കുറഞ്ഞത് 2 പ്രാവശ്യമെങ്കിലും) ബി.പി എടുത്ത് നോക്കുമ്പോള്‍ കിട്ടുന്ന ആവറേജ് അളവുകള്‍ ആണ് കൂടുതല്‍ വിശ്വസനീയം. പറ്റുമെങ്കില്‍ വീട്ടിലെ ശാന്തമായ അന്തരീക്ഷത്തില്‍ ബി.പി അളന്നുനോക്കുക. നിങ്ങള്‍ അവിടെ കുറേക്കൂടി റിലാക്സ്ഡ് ആയിരിക്കും.

6. വളരെ കൂടിയ അളവില്‍ ബി.പി ഉള്ളവര്‍ (160/100-ഓ അതിനു മേലോ) രണ്ടാ‍ഴ്ചയ്ക്കകം വീണ്ടും അളന്ന് കൂടുതലാണെങ്കില്‍ എത്രയും വേഗം മരുന്ന് തുടങ്ങണം. കാരണം അങ്ങനെയുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയ്ക്ക് ഉടന്‍ സാധ്യതയുണ്ട്.

7. രക്താതിസമ്മര്‍ദം വണ്ണമുള്ളവര്‍ക്ക് മാത്രമേ വരൂ എന്നു കരുതിയാല്‍ തെറ്റി. ഇത് നല്ലൊരളവില്‍ പാരമ്പര്യമായി കിട്ടുന്നതാണ്. അച്ഛനോ അമ്മയ്ക്കോ രക്താതിസമ്മര്‍ദമുണ്ടേല്‍ മക്കളില്‍ അതിന്റെ സാ‍ധ്യത 25 -50 % വരെയാവാം. ഏതാണ്ട് 60 വയസ്സുകഴിഞ്ഞാല്‍ ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനും രക്തക്കുഴലിലെ മാറ്റങ്ങള്‍ മൂലം ‘പ്രഷര്‍ രോഗം’ വരാം.

പറഞ്ഞു പ്യേടിപ്പിച്ചത് തീര്‍ന്നെങ്കീ ഇതിന്റെ പരിഹാരങ്ങള് കൂടെ അപ്പി തന്നെ പറയീന്‍

മറ്റു രോഗങ്ങളൊന്നുമില്ലാത്ത ജനങ്ങളുടെ ശരാശരി ബി.പി 120/80 ആണ്. എന്നാല്‍ സിസ്റ്റോളിക് പ്രഷര്‍ 120-ല്‍ താഴെയും ഡയസ്റ്റോളിക് പ്രഷര്‍ 80-ല്‍ താഴെയും ആക്കി നിര്‍ത്തുന്നതാണ് ഹൃദയത്തിന്റെയും തലച്ചോറിന്റെയും രക്തക്കുഴലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ നല്ലത് എന്നാണ് അടുത്തു നടന്ന വന്‍ പഠനങ്ങള്‍ കാണിക്കുന്നത്. (പ്രഷറിന്റെ നോര്‍മല്‍ കണക്ക് ഇപ്പോള്‍ 110/70 ആക്കിയെന്ന് ചില വാരികകളില്‍ കാണാം - അതു ശരിയല്ല. )

സിസ്റ്റോളിക് പ്രഷര്‍ 120-നും 139-നും ഇടയ്ക്ക് വരുന്നുവെങ്കിലോ ഡയസ്റ്റോളിക് പ്രഷര്‍ 80-നും 89-നും ഇടയ്ക്ക് വരുന്നെങ്കിലോ അതിനെ രക്താതിസമ്മര്‍ദത്തിന്റെ മുന്നോടിയായി അഥവാ പ്രീഹൈപ്പര്‍ടെന്‍ഷന്‍ ആയി കാണണം എന്നു പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു.
ഇതിനര്‍ത്ഥം 120/80-നു മുകളില്‍ ബി.പി പോയാലുടന്‍ മരുന്നു കഴിച്ചു തുടങ്ങണമെന്നാണോ ? നോ..നെവര്‍ ! ഓര്‍ക്കുക ബി.പി 140/90-നു മുകളില്‍ പോകുന്നതിനെയേ നമ്മള്‍ രക്താതിസമ്മര്‍ദം എന്നു വിളിക്കൂ.

120/80-നു മുകളില്‍ പോകുന്നതും 140/90-ല്‍ താഴെ നില്‍ക്കുന്നതുമായ ബി.പി ഉള്ളവര്‍ ക്രമേണ അടുത്ത 4 - 5 വര്‍ഷങ്ങള്‍ കൊണ്ട് രക്താതിസമ്മര്‍ദ രോഗികളാകാം എന്നേ ഉള്ളൂ. അവര്‍ രോഗികളായി എന്നല്ല അര്‍ത്ഥം. അതുകൊണ്ട് തുടര്‍ച്ചയായ രണ്ടോ മൂന്നോ അളക്കലില്‍ 120/80-നു മുകളില്‍ ബി.പി കയറുകയാണെങ്കില്‍ ആഹാരനിയന്ത്രണം, ചെറിയതോതിലിഉള്ള വ്യായാമം, പുകവലിയുപേക്ഷിക്കല്‍, വെള്ളമടി കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചും ആറുമാസമെങ്കിലും കൂടുമ്പോള്‍ ബി.പി നോക്കിയും മുന്നോട്ട് പോകാം എന്ന് ശാസ്ത്രമതം. (മരുന്നു കമ്പനിക്കാര്‍ പലതും പറഞ്ഞ് ക്യാമ്പുകള്‍ നടത്തി ബി.പി 120-നു മേല്‍ ശകലം കൂടിയാല്‍ത്തന്നെ പിടിച്ചു മരുന്നുകഴിപ്പിക്കാന്‍ ഉപദേശിക്കും. അതില്‍ വീഴണ്ട. സയന്‍സ് എന്നുപറയുന്നത് മരുന്നുകമ്പനിക്കാര്‍ തീരുമാനിക്കുന്നതല്ല.) എന്നാല്‍ പ്രീഹൈപ്പര്‍ടെന്‍ഷന്റെ കൂടെ നിങ്ങള്‍ക്ക് വൃക്കരോഗമോ ഡയബറ്റീസോ ഹൃദ്രോഗമോ മറ്റോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ബി.പിക്ക് മരുന്ന് കഴിച്ചുതുടങ്ങണം കേട്ടോ.

ബി.പിയുടെ അളവ് 140/90-നു മേല്‍ പോവുകയാണെങ്കില്‍ അതു പിന്നെ പിടിച്ചാല്‍ കിട്ടണമെന്നില്ല. മരുന്ന് നിര്‍ബന്ധമായും കഴിക്കണം. പ്രത്യേകിച്ച് 160 / 100 എന്ന അളവിലൊക്കെ പോയാല്‍. കാരണം എത്ര കഠിനപഥ്യം നോക്കിയാലും എത്ര കഠിന വ്യായാമം ചെയ്താലും മരുന്നിന്റെ സഹായമില്ലാതെ വളരെ ഉയര്‍ന്ന ബി.പി നോര്‍മല്‍ നിലയിലേക്ക് കുറച്ചുകൊണ്ടുവരാനാവില്ല.(സാധാരനമനുഷ്യന്റെ കാര്യമാണിവിടെ പറയുന്നത്...വല്ല അത്ഭുത രോഗശാന്തിക്കാരുടെയും ഉദാഹരണം തികട്ടിവരുന്നുണ്ടേല്‍ കൈയ്യില്‍ വച്ചേക്കുക അണ്ണാ... ഇവിടെ, ഓണ്‍ലി സയന്‍സ്)
മരുന്നുകളെ പറ്റി ഈ പോസ്റ്റിന്റെ അടുത്ത ഭാഗത്തില്‍ വിശദീകരിക്കാം. ഇപ്പോള്‍ നമുക്ക് മരുന്നു കഴിക്കുന്നതിനു മുന്‍പോ മരുന്നിനു പുറമേയോ നാം ചെയ്യേണ്ട കാര്യങ്ങള്‍ (ഇത് എല്ലാവര്‍ക്കും ബാധകം) എന്തെല്ലാമാണെന്ന് നോക്കാം :
1. വ്യായാമം തുടങ്ങുക, തുടരുക..ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത് ദിവസം 20-30 മിനിട്ട് എന്ന തോതില്‍ ആഴ്ചയില്‍ 5 ദിവസം എന്ന കണക്കിലെങ്കിലും സ്പീഡില്‍ നടക്കുക എന്നതാണ്. ഈ വ്യായാമം കഷ്ടിച്ച് ശ്വാസമെടുക്കാന്‍ പറ്റുന്ന ആയാസത്തില്‍ ആ‍യാല്‍ നല്ലത്. (ഓഫീസ് പടികള്‍ ഓടിക്കയറുന്നതും പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് ഓടി കയറുന്നതുമൊക്കെ നല്ലതു തന്നെ.)ഇത്തിരിക്കൂടി വിശദമായി അറിയാന്‍ ദേവേട്ടന്റെ ഈ പഴയ പോസ്റ്റ് കാണുക. 5 മുതല്‍ 20 mm ബി.പി വരെ ഇതിനാല്‍ കുറയാം.

2. ആഹാര ശീലം : നിറയെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, സലാഡ്, മുരിങ്ങയില, കാരറ്റ്, പയറ്....ഡേയ് എന്തരെടേയ് നോക്കിനിക്കണത്...ചുമ്മാ തട്ടി വിടടേയ്. വറുത്തതും പൊരിച്ചതും, പ്രത്യേകിച്ച് മട്ടന്‍, ബീഫ് എന്നിവ കുറച്ചിട്ട് അതിനുപകരം മീന്‍ - നല്ല ചാള/മത്തി, നെത്തോലി എന്നിവ കൂടുതലാക്കുക. പാല് ഉപയോഗിക്കുമ്പോള്‍ അതിലെ കൊഴുപ്പ് മാറ്റിയിട്ട് (പാല്‍ പാട) ഉപയോഗിച്ചാല്‍ അത്രയും നല്ലത്. സഫോള, സണ്‍ഫ്ലവര്‍ എണ്ണകള്‍ ഉത്തമം. (പാമോയില്‍ വെളിച്ചെണ്ണയേക്കാള്‍ മെച്ചമൊന്നുമല്ല എന്നതിനാലും, വെളിച്ചെണ്ണ-വിഷയം തീരുമാനമാകാതെ കിടപ്പായതിനാലും അത് തീരെ ഒഴിവാക്കണമെന്ന് പറയുന്നില്ല. അളവില്‍ കുറച്ചാല്‍ നല്ലത്.). ആഹാരത്തിലെ മാറ്റം കൊണ്ട് 8 മുതല്‍ 14 വരെ mm ബി.പി കുറയാം.

3. ഉപ്പ് കുറയ്ക്കുക : എല്ലാ‍ ആഹാരത്തിലും കൂടെയായി 6 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് ഉപയോഗികാതിരിക്കാനാണ് നോക്കേണ്ടത്. ഇതിന് ഒരു പാട് തലപുണ്ണാക്കണ്ട. അച്ചാറുകള്‍, ഉപ്പിലിട്, പപ്പടം,വറ്റല്‍ മുളക്, സംഭാരം എന്നിവ സ്ഥിരമായി കഴിക്കുന്നത് അങ്ങ് നിര്‍ത്തുക.(വേണേല്‍ ഓണത്തിന് ഇത്തിരി ആവാം..ട്ടോ ;) തൈര്, മോര് എന്നിവ ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കാതെ നോക്കാം. മുളകരച്ചു ചേര്‍ക്കുന്നത് കുറച്ചാല്‍ സ്വാഭാവികമായും ഉപ്പും നമ്മള്‍ കുറയ്ക്കും എന്നത് പാചകത്തിന്റെ സാമാന്യതത്വം. പിന്നെ പച്ചക്കറികള്‍ ഉപ്പേരിയാക്കിയോ (മെഴുക്കുപുരട്ടി) വറുത്തോ ഉപയോഗിക്കുന്നതും കുറയ്ക്കാം. ഉപ്പ് നിയന്ത്രിച്ചാല്‍ കുറയുന്നത് 2മുതല്‍ 8 mm വരെ ബി.പി അളവ്.

4. പ്രതിദിന മദ്യപാനം ഉണ്ടെങ്കില്‍ അത് 2 ഡ്രിങ്കില്‍ താഴെയാക്കുക. അതായത് ആല്‍ക്കഹോള്‍ കണ്ടെന്റ് 30മില്ലിയില്‍ താഴെ നിത്തുക. ഉദാ: 24 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ 3 ഔണ്‍സ് വിസ്കി എന്നിങ്ങനെ. 4mm വരെ ബി.പി ഇതുകൊണ്ട് കുറയാം.
പുകവലി കുറച്ചു കുറച്ചു കൊണ്ടുവന്ന് പൂര്‍ണ്ണമായി നിര്‍ത്തുക. 4mm വരെ ബി.പി ഇതുകൊണ്ട് കുറയാം.

അപ്പോള്‍ കാര്യങ്ങള്‍ ക്ലിയറായി എന്നു വിശ്വസിക്കുന്നു. എന്താ....ഇനി ഇവനെ പിടിച്ചുകെട്ടാന്‍ ഒരു കൈ നോക്കാമല്ലോ അല്ലേ ?

രക്താതിസമ്മര്‍ദത്തിനുള്ള മരുന്നുകളെക്കുറിച്ചും അവയുടെ സൈഡ് ഇഫക്റ്റുകളെ കുറിച്ചുമൊക്കെ ഈ പോസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ - രക്താതിസമ്മര്‍ദ്ദ ചികിത്സയിലെ മരുന്നുകള്‍


അടിക്കുറിപ്പുകള്‍ :

* രക്താതിസമ്മര്‍ദ ഗവേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള അമേരിക്കയിലെ സംയുക്ത കമ്മറ്റിയായ JNC യുടെ 2003-ലെ ഏഴാം റിപ്പോര്‍ട്ട്, കനേഡിയന്‍ രക്താതിസമ്മര്‍ദ വിദ്യാഭ്യാ‍സ പരിപാടിയുടെ 2005-ലെ നിര്‍ദ്ദേശക തത്വങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയതാണ് ഈ ലേഖനം. ചില സാങ്കേതിക കാര്യങ്ങളില്‍ ബ്രിട്ടീഷ് രീതികളില്‍ നിന്നും വിഭിന്നമാകാം ഇതിലെ നിര്‍ദ്ദേശങ്ങള്‍. ശാസ്ത്രലോകത്ത് തര്‍ക്കത്തിലിരിക്കുന്ന ചില വിഷയങ്ങള്‍ കണ്‍ഫ്യൂഷനില്ലാതിരിക്കാന്‍ ഇവിടെ ഒഴിവാക്കിയിട്ടുണ്ട്.

* * രക്തത്തെ ശരീരകോശങ്ങളില്‍ നിന്നും ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന കുഴലുകളായ വെയിനുകളെ (veins) സിരകള്‍ എന്നും ഹൃദയത്തില്‍ നിന്നും ഓക്സിജനെ വഹിക്കുന്ന രക്തത്തെ ശരീരാവയവങ്ങളിലേക്കും കോശങ്ങളിലേക്കും കൊണ്ടുപോകുന്ന ആര്‍ട്ടറികളെ (arteries) ധമനികള്‍ എന്നുമാണ് ആയുര്‍വേദ പണ്ഡിതന്‍ ശ്രീ വെങ്കിടേശ്വര ശാസ്ത്രികള്‍ (1917-1925) വിളിക്കുന്നത്. സിര എന്നതിനെ നെര്‍വ് /ഞരമ്പ് എന്ന് അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ടെങ്കിലും ശാസ്ത്രികള്‍ നാഡി എന്ന വാക്കാണ് nerve-നു വിധിച്ചിട്ടുള്ളത്. ഏകോപനത്തിനായി അത് ഇവിടെ തുടര്‍ന്ന് ഉപയോഗിക്കും.

No comments:

Post a Comment